റംസാന്‍ ഒന്ന് ഇന്ന്
കോഴിക്കോട്: കാപ്പാട്ട് ചന്ദ്രപ്പിറവി ദൃശ്യമായതായി വിശ്വാസ യോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റംസാന്‍ ഒന്ന് ഒക്ടോബര്‍ 15 വെള്ളിയാഴ്ചയായിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി നാലകത്ത് മുഹമ്മദ് കോയ ബാഖ്വിയും വലിയ ഖാസി സയ്യിദ് മുഹസിന്‍ ശിഹാബ് തങ്ങളും അറിയിച്ചു.
ഇതു പ്രകാരം പെരുന്നാള്‍ നവംബര്‍ 13ന് ആയിരിക്കും.
കാപ്പാട്ടും, പാറക്കടവിലും റംസാന്‍ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന് കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, നെല്ലിക്കുത്ത് ഇസ്മായില്‍ മുസ്ലിയാര്‍, വി.പി. പൂക്കോയ തങ്ങള്‍, എം.എം. അബ്ദുല്ല മുസ്ലിയാര്‍, ബേപ്പൂര്‍ ഖാസി പി.ടി. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കണ്ണൂര്‍ ജില്ലാ സംയുക്ത ഖാസിയുടെ പ്രതിനിധി എം.വി. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ എന്നിവരും അറിയിച്ചു.
റംസാന്‍ ഒന്നാം തീയതി ഒക്ടോബര്‍ 15ന് വെള്ളിയാഴ്ചയായിരിക്കുമെന്ന് ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യ ചീഫ് അഡ്വൈസര്‍ എം. അലി മണിക് ഫാന്‍ അറിയിച്ചു.
ചന്ദ്രന്റെ സ്ഥാന പ്രകാരം ശ അബാന്‍ തുടങ്ങിയത് സപ്തംബര്‍ 15ന് ബുധനാഴ്ചയാണ്. ശ അബാന്റെ അവസാനം അമാവാസി ദിവസം സൂര്യഗ്രഹണം സംഭവിക്കുന്നു. വ്യാഴാഴ്ച ആഗോള സമയം 2.48 നാണ് ഭൂമിയില്‍ ഇത് അനുഭവപ്പെടുക. സൂര്യഗ്രഹണം ചാന്ദ്രമാസാവസാനത്തെയും ചന്ദ്രഗ്രഹണം മാസമധ്യത്തെയും കുറിക്കുന്നു. ശ അബാനില്‍ 30 ദിവസങ്ങളാണുള്ളത്. ഇതനുസരിച്ച് ഒക്ടോബര്‍ 15ന് വെള്ളിയാഴ്ച റംസാന്‍ ഒന്നാം തീയതിയായിരിക്കും-മണിക്ഫാന്‍ പറഞ്ഞു.
ഒക്ടോബര്‍ 28ന് വ്യാഴാഴ്ച ചന്ദ്രഗ്രഹണം സംഭവിക്കുന്നുണ്ട്. ഇത് റംസാന്റെ പകുതിയുടെ ആദ്യ ഭാഗത്ത് നടക്കുന്നതിനാല്‍ റംസാനില്‍ 29 പകലുകളേ ഉണ്ടാവുകയുള്ളൂ. നവംബര്‍ 12ന് വെള്ളിയാഴ്ച ആഗോളസമയം പകല്‍ ശവാലിന്റെ അമാവാസി സംഭവിക്കുന്നു. ഇതോടെ റംസാന്‍ അവസാനിച്ച് നവംബര്‍ 13ന് ശവാല്‍ തുടങ്ങും. അന്നാണ് പെരുന്നാള്‍ ആചരിക്കുന്നത്-അദ്ദേഹം പറഞ്ഞു.
കാപ്പാട് മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായി വിവരം ലഭിച്ചതിനാല്‍ വെള്ളിയാഴ്ച റംസാന്‍ ഒന്നായി കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.എന്‍. ഇബ്രാഹിം മൗലവി അറിയിച്ചു.
വെള്ളിയാഴ്ച റംസാന്‍ ഒന്നായി ഉറപ്പിച്ചതായി സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, ജന.സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ എന്നിവര്‍ അറിയിച്ചു.












Click it and Unblock the Notifications