കെ.പി.സി.സി. എക്സിക്യൂട്ടീവ് ചേരണം-വി.എം. സുധീരന്‍
കോട്ടയം: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെപ്പറ്റി ചര്‍ച്ച ചെയ്യാനായി കെ.പി.സി.സി. എക്സിക്യൂട്ടീവ് അടിയന്തരമായി വിളിച്ച് ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു.
ജനങ്ങളെ തീരാദുരിതത്തിലേക്കു തള്ളിയിടുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം. ഇത് പുനഃപരിശോധിക്കണം. കോട്ടയം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ മദ്യനയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞാന്‍ സ്തംഭിച്ചുപോയി. കോണ്‍ഗ്രസ്സും ഐക്യമുന്നണിയും പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് ഉറപ്പുകൊടുത്തത് ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുമെന്നായിരുന്നു. എന്നിട്ടിപ്പോള്‍ മറിച്ച് തീരുമാനമെടുത്തിരിക്കുന്നു. ഈ തീരുമാനം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും.
മദ്യനയത്തിന്റെ കാര്യത്തില്‍ ഭരണാധികാരികള്‍ വരുമാനത്തിന്റെ കാര്യം മാത്രമാണു ചിന്തിക്കുന്നത്. ഇവിടെ ഇഷ്ടംപോലെ മദ്യമൊഴുകിയാലുള്ള കുഴപ്പം അവര്‍ മനസ്സിലാക്കേണ്ടതാണ്. ആത്മഹത്യയും വാഹനാപകടവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമവുമെല്ലാം കൂടിവരികയേയുള്ളൂ. തലമുറകളുടെ ആരോഗ്യം നശിക്കും. പുതിയ മദ്യനയത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ആലോചന നടന്നിട്ടില്ല. സര്‍ക്കാരിനെ വഴിതെറ്റിക്കാന്‍ സംഘടിത നീക്കം ഉണ്ടാകാം. അതിനെ അതിജീവിക്കാന്‍ കഴിയണം-അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications