സ്മാര്‍ട്ട് സിറ്റി: കൊച്ചിയ്ക്ക് സാധ്യത
കൊച്ചി: ദുബായ് ഇന്റര്‍നെറ്റ് സിറ്റി ഇന്ത്യയില്‍ സ്ഥാപിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്ന സ്മാര്‍ട്ട് സിറ്റി കൊച്ചിയില്‍ വന്നേയ്ക്കുമെന്ന് സൂചന. ഇന്ത്യയിലെ മറ്റ് നഗരങ്ങളും സ്മാര്‍ട്ട് സിറ്റിയ്ക്ക് വേണ്ടി ശ്രമിയ്ക്കുന്നുണ്ട്. പ്രധാനമായും ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളാണ് സ്മാര്‍ട്ട് സിറ്റിയ്ക്ക് വേണ്ടി ശ്രമിയ്ക്കുന്ന മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍.
കൊച്ചിയെ ഇതിനായി തിരഞ്ഞെടുത്താല്‍ ഐടി രംഗത്തും അല്ലാതെയും വന്‍ വികസനസാധ്യതയാണ് ഉണ്ടാവുക. കഴിഞ്ഞയാഴ്ച ദുബായില്‍ നടന്ന ജി-ടെക്സ് 2004 രാജ്യാന്തരമേളയില്‍ കേരളത്തില്‍ നിന്ന് ഐടി മന്ത്രി കുഞ്ഞാലിക്കുട്ടിയും ഐടി സെക്രട്ടറി അരുണ സുന്ദര്‍രാജും ഉള്‍പ്പെടെ ഒരു വലിയ സംഘം ദുബായില്‍ എത്തിയിരുന്നു. സ്മാര്‍ട്ട് സിറ്റി കേരളത്തിലേക്ക് കൊണ്ടുവരാനുള്ള സാധ്യത വര്‍ധിപ്പിയ്ക്കാനായിരുന്നു കേരളാസംഘം ഈ സന്ദര്‍ശനം ഉപയോഗപ്പെടുത്തിയത്.
കൊച്ചിയ്ക്ക് സ്മാര്‍ട്ട് സിറ്റി ലഭിയ്ക്കാന്‍ ഒട്ടേറെ അനുകൂലഘടകങ്ങളുണ്ട്. ഇതില്‍ പ്രധാനം തൊട്ടടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം തന്നെ. ഇതിന് പുറമെ രണ്ട് സമുദ്രാന്തര കേബിളുകള്‍ വന്നുകയറുന്ന നഗരം എന്ന പ്രത്യേകതയും കൊച്ചിയ്ക്കുണ്ട്.
പക്ഷെ ഇതുവരെയുള്ള ചര്‍ച്ചയനുസരിച്ച് ഇന്ത്യയിലെ മൂന്ന് നഗരങ്ങള്‍ക്കും തുല്യസാധ്യതയാണ് ഉള്ളതെന്ന് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. സ്മാര്‍ട്ട് സിറ്റി വന്നാല്‍ കേരളത്തിന് അരലക്ഷം തൊഴിലവസരം ഉണ്ടാകുമെന്നാണ് അറിയുന്നത്. സ്മാര്‍ട്ട് സിറ്റിയിലെ സോഫ്റ്റ്വെയര്‍ വികസനകേന്ദ്രങ്ങളില്‍ 25,000 പേര്‍ക്കും ഇതിന് ചുറ്റുമായി വികസിക്കുന്ന ടൗണ്‍ഷിപ്പില്‍ 25,000 പേര്‍ക്കും തൊഴില്‍ ലഭിയ്ക്കുമെന്നാണ് അറിയുന്നത്.
ഒരു സോഫ്റ്റ്വെയര്‍ വികസനപാര്‍ക്ക്, അതിന് ചുറ്റുമായി എല്ലാ സൗകര്യങ്ങളോടും കൂടിയ ടൗണ്‍ഷിപ്പ്- ഇതാണ് സ്മാര്‍ട്ട് സിറ്റിയുടെ സങ്കല്പം. ഏകദേശം 500 മുതല്‍ ആയിരം ഏക്കര്‍ സ്ഥലമാണ് സ്മാര്‍ട്ട് സിറ്റിയ്ക്ക് വേണ്ടിവരിക.












Click it and Unblock the Notifications