മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി
മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും കോണ്‍ഗ്രസ്-എന്‍സിപി സഖ്യം അധികാരത്തില്‍ വരുമെന്ന് ഏതാണ്ട് ഉറപ്പായി. മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി കോണ്‍ഗ്രസില്‍ നിന്നായിരിക്കുമെന്ന് ശരത് പവാര്‍ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരിക്കും മഹാരാഷ്ട്ര ഭരിയ്ക്കുകയെന്നും ഉറപ്പായിട്ടുണ്ട്.
ആര്‍ക്കും ഇവിടെ കേവല ഭൂരിപക്ഷമില്ല. ആകെയുള്ള 288 സീറ്റുകളില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 139 സീറ്റുകളില്‍ വിജയിച്ചു. ബിജെപി-ശിവസേന സഖ്യം 120 സീറ്റുകള്‍ നേടി. ബാക്കിയുള്ള സീറ്റുകളെല്ലാം സ്വതന്ത്രരും മറ്റുള്ളവരും ചേര്‍ന്ന് പങ്കിട്ടിരിക്കുകയാണ്. ഇതോടെ ഇരുമുന്നണികളും സ്വതന്ത്രരെയും മറ്റുള്ളവരെയും സ്വാധീനിയ്ക്കാനുള്ള ശ്രമത്തിലാണ്.
ഇപ്പോഴത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ തന്നെ വീണ്ടും മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. കാരണം സോണിയാ ഗാന്ധിയ്ക്ക് പ്രിയപ്പെട്ട നേതാവാണ് ഷിന്‍ഡെ.
തിരഞ്ഞെടുപ്പില്‍ ഇക്കുറി എന്‍സിപിയും കോണ്‍ഗ്രസും ഒരു പോലെ നേട്ടമുണ്ടാക്കി. മത്സരരംഗത്തുണ്ടായിരുന്ന എന്‍സിപിയുടെ ആകെ സ്ഥാനാര്‍ത്ഥികളില്‍ 54 ശതമാനം പേര്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ ആകെ സ്ഥാനാര്‍ത്ഥികളില്‍ 44 ശതമാനം പേര്‍ വിജയിച്ചു.
ശിവസേനയ്ക്ക് വന്‍ തിരിച്ചടിയാണ് ഏറ്റിരിയ്ക്കുന്നത്. 90ല്‍ പരം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചെങ്കിലും മൂന്നിലൊന്ന് പേര്‍ മാത്രമാണ് വിജയിച്ചത്. ബിജെപിയ്ക്കും പലയിടത്തും സ്വാധീനം നഷ്ടപ്പെട്ടു.
മഹാരാഷ്ട്രയില്‍ വിജയിക്കാനെത്തിയ മുലായംസിംഗിന്റെ സമാജ് വാദി പാര്‍ട്ടിയ്ക്കോ മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയ്ക്കോ ഇവിടെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.












Click it and Unblock the Notifications