മസ്കറ്റിലേക്ക് പഞ്ചാരിമേളത്തിന്റെ മാധുര്യവുമായി...
പതിഞ്ഞകാലത്തില്‍ തുടങ്ങി മെല്ലെ മെല്ലെ വേഗകാലത്തിലേക്ക് കൊട്ടിക്കയറുന്ന പഞ്ചാരിമേളം കേരളത്തിന്റെ വാദ്യവിസ്മയത്തിന്റെ ആത്മാവാണ്. ഈ പഞ്ചാരിമേളത്തിലെ പ്രസാദമുഖമാണ് ഹരിദാസും സംഘവും.
ഗുരുവായൂരിന്റെ മണ്ണില്‍ നിന്നും പഞ്ചാരിമേളത്തിന്റെ ആവേശവുമായി ഇവര്‍ മസ്കറ്റിലെത്തുന്നു. പലകാലങ്ങളിലൂടെ വളരുന്നു പരക്കുന്ന പഞ്ചാരിമേളത്തിന്റെ ത്രസിപ്പിയ്ക്കുന്ന ആവേശം കേള്‍വിക്കാരിലേക്ക് പകരാന്‍ ഈ സംഘത്തിന് അനായാസം കഴിയും.
വാദ്യത്തിന്റെ എല്ലാമേഖലകളും ഒരു പോലെ ഹൃദിസ്ഥമാക്കിയിട്ടുണ്ട് ഹരിദാസും സംഘവും. പഞ്ചവാദ്യവും, തായമ്പകയും ഇവരുടെ കൈകള്‍ക്ക് ഒരു പോലെ തഴക്കം.
ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയത്തിലെ അഞ്ച് വര്‍ഷത്തെ നീണ്ട വാദ്യകോഴ്സാണ് ഈ സംഘത്തിന്റെ അടിസ്ഥാനപഠനക്കളരി. ഹരിദാസ് വാദ്യവിദ്യാലയത്തിലെ അധ്യാപകനാണ്.
പിന്നീട് കേരളത്തിന്റെ ഉത്സവപ്പറമ്പുകളിലൂടെ ഇവരുടെ വാദ്യപരിചയം വളര്‍ന്നു. പാറമേക്കാവിന്റെ പ്രശസ്തമായ ഇലഞ്ഞിത്തറമേളത്തില്‍ പെരുവനം കുട്ടന്മാരാരുടെ കീഴില്‍ ഇവര്‍ പലകുറി പങ്കെടുത്തിട്ടുണ്ട്. പഞ്ചാരിമേളത്തിന് പേരുകേട്ട ഇരിങ്ങാലക്കുട കൂടല്‍ മാണിക്യത്തിലെ സ്ഥിരംസാന്നിധ്യമാണ് സംഘത്തിലെ നാല് പേരും. തൃപ്പൂണിത്തുറ തൃപൂര്‍ണ്ണത്രയേശന്‍ ക്ഷേത്രം ഉള്‍പ്പെടെ കേരളത്തിലെ ഒട്ടേറെ ക്ഷേത്രങ്ങളിലെ മേളങ്ങളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട്. ഗുരുവായൂര്‍ ഉത്സവത്തിലെ സ്ഥിരം മേളക്കാരാണ്.
ഹരിദാസിന് പുറമെ കമല്‍നാഥ്, വിമല്‍നാഥ് (ചെണ്ട), കൃഷ്ണകുമാര്‍ (കൊമ്പ്) എന്നിവര്‍ സംഘത്തില്‍ ഉണ്ട്.












Click it and Unblock the Notifications