വെങ്കയ്യ രാജിവച്ചു; അദ്വാനി ബിജെപി പ്രസിഡന്റ്
ദില്ലി: ബിജെപി പ്രസിഡന്റ് സ്ഥാനം വെങ്കയ്യ നായിഡു രാജിവച്ചു. പ്രതിപക്ഷനേതാവ് എല്‍. കെ. അദ്വാനി പുതിയ ബിജെപി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി ഒക്ടോബര്‍ 18 തിങ്കളാഴ്ച ചേര്‍ന്ന ബിജെപി നേതൃയോഗത്തിലാണ് വെങ്കയ്യ നായിഡു രാജി തീരുമാനം പ്രഖ്യാപിച്ചത്. വെങ്കയ്യയോട് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ വാജ്പേയി, അദ്വാനി, ജസ്വന്ത്സിംഗ് തുടങ്ങിയ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും തന്റെ തീരുമാനത്തില്‍ വെങ്കയ്യ ഉറച്ചുനിന്നു. ഇതേതുടര്‍ന്നാണ് രാജിതീരുമാനം യോഗം അംഗീകരിക്കുകയും അദ്വാനിയെ പുതിയ പ്രസിഡന്റായി ഏകകണ്ഠമായി തിരഞ്ഞെടുക്കുകയും ചെയ്തത്.
ഭാര്യയുടെ അസുഖം ഉള്‍പ്പെടെയുള്ള വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമായി വെങ്കയ്യ പറഞ്ഞിട്ടുള്ളത്. എന്നാല്‍ മഹാരാഷ്ട്രാ തിരഞ്ഞെടുപ്പ് പരാജയവും സംഘ്പരിവാര്‍ നേതൃത്വത്തിന് വെങ്കയ്യയോടുള്ള അതൃപ്തിയുമാണ് രാജിയില്‍ കലാശിച്ചതെന്നാണ് അറിയുന്നത്.
വെങ്കയ്യ രാജിവച്ചതോടെ ദേശീയ നിര്‍വാഹക സമിതിയിലെ എല്ലാ ഭാരവാഹികള്‍ക്കും സ്ഥാനമില്ലാതായി. പുതിയ അധ്യക്ഷന്‍ അദ്വാനി പാര്‍ട്ടി നേതൃത്വം പുന:സംഘടിപ്പിക്കും. ഒക്ടോബര്‍ 29ന് നടക്കുന്ന പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അദ്വാനിയെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത് ഔദ്യോഗികമായി അംഗീകരിക്കും.












Click it and Unblock the Notifications