സുര്‍ജിത്തിനെതിരെ അനുപംഖേര്‍ കോടതിയില്‍
മുംബൈ: തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശനം നടത്തിയെന്ന് ആരോപിച്ച് ഹിന്ദി നടനും സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ അനുപംഖേര്‍ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തിനെതിരെ കോടതിയില്‍ പരാതി നല്‍കി.
തന്നെ ആര്‍എസ്എസ്സുകാരനെന്ന് വിശേഷിപ്പിച്ചതിനാണ് അനുപംഖേര്‍ സുര്‍ജിത്തിനെതിരെ നിയമനടപടി സ്വീകരിച്ചത്. സിപിഎം പ്രസിദ്ധീകരണമായ പീപ്പിള്‍സ് ഡെമോക്രസിയിലെ ലേഖനത്തിലാണ് സുര്‍ജിത്ത് ഈ വിവാദപരാമര്‍ശം നടത്തിയത്.
തന്റെ അഭിഭാഷകനോടൊപ്പം മുംബൈയിലെ ഒരു കോടതിയിലെത്തിയാണ് അനുപംഖേര്‍ പരാതി ഫയല്‍ ചെയ്തത്. അപകീര്‍ത്തിപരമായ പരാമര്‍ശം തനിക്കെതിരെ നടത്തിയതിനാണ് അനുപംഖേര്‍ കേസ് നല്‍കിയിരിക്കുന്നത്. നവംബര്‍ 17ന് കോടതി പരാതി പരിശോധിക്കും.
തന്നെ കുറിച്ചുള്ള പരാമര്‍ശം 48 മണിക്കൂറിനുള്ളില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അനുപംഖേര്‍ സുര്‍ജിത്തിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനോട് സുര്‍ജിത്ത് പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് അനുപംഖേര്‍ കോടതിയെ സമീപിച്ചത്.
ഒക്ടോബര്‍ 14ന് ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അനുപംഖേര്‍ തന്നെ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കിയതിന് സുര്‍ജിത്തിനെ കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications