കാട്ടുകള്ളന്‍ വീരപ്പനെ വെടിവെച്ചു കൊന്നു
കോയമ്പത്തൂര്‍: കാട്ടുകള്ളന്‍ വീരപ്പന്‍ പ്രത്യേക ദൗത്യസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റു മരിച്ചു. വീരപ്പന്റെ മൂന്ന് കൂട്ടാളികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയില്‍ ധര്‍മപുരിക്കടുത്ത് പൊപ്പരപ്പെട്ടിയില്‍ വീരപ്പനും അനുയായികളും ജീപ്പില്‍ സഞ്ചരിക്കുമ്പോഴാണ് ഏറ്റമുട്ടലുണ്ടായത്.
പ്രത്യേക ദൗത്യസേനാ മേധാവി അഡീഷണല്‍ ഡിജിപി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീരപ്പനെയും സംഘത്തെയും വെടിവച്ചുകൊന്നത്. തിങ്കളാഴ്ച വൈകീട്ടാണ് ഏറ്റുമുട്ടല്‍ നടന്നതെങ്കിലും രാത്രി വൈകിയാണ് വീരപ്പന്റെ മരണം പൊലീസ് സ്ഥിരീകരിച്ചത്. വീരപ്പന്റെ അടുത്ത അനുയായികളായ സേത്തുക്കുളി ഗോവിന്ദന്‍, ചന്ദ്രഗൗഡ സേതുമണി എന്നിവരാണ് വീരപ്പനെ കൂടാതെ ഏറ്റുമുട്ടലില്‍ വെടിയേറ്റു മരിച്ചത്.
കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ധര്‍മപുരിയിലെ ആശുപത്രിയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഏറ്റുമുട്ടലില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കര്‍ണാടക, തമിഴ്നാട് ദൗത്യസേനകള്‍ വര്‍ഷങ്ങളായി നടത്തുന്ന വീരപ്പന്‍ വേട്ടക്ക് ഇതോടെ അന്ത്യമായി. വര്‍ഷങ്ങളായി പൊലീസിന്റെ കണ്ണുവെട്ടിച്ച് കൊള്ളയും കൊലപാതകങ്ങളും നടത്തിയ വീരപ്പന്‍ പ്രമുഖരെ തട്ടിക്കൊണ്ടുപോയി പലപ്പോഴും തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. കന്നഡ നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ വീരപ്പന്‍ 109 ദിവസങ്ങള്‍ നീണ്ട വിലപേശല്‍ നടത്തിയിട്ടും കാട്ടുകള്ളനെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.
കര്‍ണാടകത്തിലെ മുന്‍മന്ത്രി എച്ച്. നാഗപ്പ വീരപ്പന്റെ പിടിയില്‍ കഴിയുമ്പോള്‍ മരിച്ചതിനെ തുടര്‍ന്ന് ദൗത്യസേന വീരപ്പനായുള്ള തിരച്ചില്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications