കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരപ്പന്റെ സമ്പാദ്യം തേടി പൊലീസ്

  • By Staff
Google Oneindia Malayalam News

ധര്‍മ്മപുരി: വീരപ്പനെ വീഴ്ത്തിയെങ്കിലും പ്രത്യേക ദൗത്യസേനയുടെ ജോലി പൂര്‍ത്തിയായിട്ടില്ല. കന്നട നടന്‍ രാജ്കുമാറിനെയും കര്‍ണ്ണാടക മുന്‍മന്ത്രി നാഗപ്പയെയും ബന്ദിയാക്കിയതുവഴിയും ആനക്കൊമ്പുകള്‍ വിറ്റതുവഴിയും വീരപ്പന്‍ നേടിയ കോടികളുടെ ഉറവിടം തേടുകയാണ് ദൗത്യസേനയിപ്പോള്‍.

ഈ പണമത്രയും വീരപ്പന്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്? കര്‍ണ്ണാടക-തമിഴ്നാട് അതിര്‍ത്തിയിലെ വനപ്രദേശത്ത് അതീവരഹസ്യമായി സ്വയം കുഴിയ്ക്കുന്ന കുഴികളിലാണ് വീരപ്പന്‍ പണവും സ്വര്‍ണ്ണവും സൂക്ഷിയ്ക്കുക പതിവ്. ഈ കുഴികള്‍ വീരപ്പന്റെ മനസ്സില്‍ മാത്രമാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യം നക്കീരന്‍ വാരികയുടെ എഡിറ്റര്‍ ഗോപാല്‍ വീരപ്പനുമായി നടത്തിയ അഭിമുഖത്തില്‍ പലകുറി വ്യക്തമാക്കിയിട്ടുണ്ട്.

ഒരിയ്ക്കല്‍ കുഴിച്ചിട്ട പണം എവിടെയെന്ന് കണ്ടെത്താന്‍ കാട് അരച്ചുകുടിച്ച വീരപ്പന് എളുപ്പമാണ്. എന്തായാലും വീരപ്പനും അനുയായികളും കൊല്ലപ്പെട്ട സ്ഥിതിയ്ക്ക് വീരപ്പന്റെ സ്വത്ത് കണ്ടെത്തുക പ്രത്യേകദൗത്യസേനയ്ക്ക് അത്ര എളുപ്പമാവില്ല. ഒരു പക്ഷെ വീരപ്പനെ വേട്ടയാടിയതിനേക്കാള്‍ ദുഷ്കരമായ ദൗത്യമായിരിക്കുമിത്.

വീരപ്പന്റെ സ്വത്ത് കണ്ടെത്താന്‍ അതിതീവ്രപരിശോധന കാട്ടില്‍ നടത്തുമെന്ന് തമിഴ്നാട് പ്രത്യേകദൗത്യസേനാ മേധാവി വിജയകുമാര്‍ പറഞ്ഞു. വീരപ്പന്‍ വേട്ടയ്ക്ക് ശേഷം അദ്ദേഹം ഇപ്പോഴും സത്യമംഗലം കാട്ടില്‍ തന്നെ ക്യാമ്പ് ചെയ്യുകയാണ്.

വീരപ്പന്‍ മരിച്ചു. പക്ഷെ അതോടെ കഥ തീരുന്നില്ല. അദ്ദേഹം പിന്നിട്ട കാടിന്റെ രഹസ്യം അപ്പാടെ ഞങ്ങള്‍ക്ക് പുറത്തുകൊണ്ടുവരണം. അവിടെയാണ് അദ്ദേഹം തന്റെ പണവും ആയുധങ്ങളും സൂക്ഷിച്ചിട്ടുള്ളത്. - വിജയകുമാര്‍ പറഞ്ഞു.

കന്നട താരം രാജ്കുമാറിനെയും പിന്നീട് കര്‍ണ്ണാടക മന്ത്രി എച്ച്. നാഗപ്പയെയും ബന്ദിയാക്കിയപ്പോള്‍ വന്‍തുക വീരപ്പന്‍ നേടിയിരുന്നു. ഏകദേശം 40 കോടി രൂപയ്ക്കാണ് കന്നട നടന്‍ രാജ്കുമാറിനെ വീരപ്പന്‍ വിട്ടയച്ചതെന്ന് കരുതുന്നു.

ഗ്രാമീണര്‍ വീരപ്പന്റെ പണം കണ്ടെത്താന്‍ കാട്ടില്‍ പോകുന്നത് തടയുകയാണ് ദൗത്യസേനയുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് സേനയുടെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X