അന്വേഷണം വേണമെന്ന് വീരപ്പന്റെ ഭാര്യ
മേട്ടൂര്‍: ദൗത്യസേനയുമായുണ്ടായുണ്ടായ ഏറ്റുമുട്ടലില്‍ വീരപ്പന്‍ കൊല്ലപ്പെട്ടുവെന്ന പൊലീസ് ഭാഷ്യം ചോദ്യം ചെയ്യപ്പെടുന്നു. വീരപ്പന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി മരണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പട്ടു.
വീരപ്പന്റെ മരണത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് വീരപ്പന്റെ സുഹൃത്തായ കൊളത്തൂര്‍ മണി ആവശ്യപ്പെട്ടു. വീരപ്പന്റെ മരണത്തെ കുറിച്ച് വിവിധ മനുഷ്യാവകാശ സംഘടനകളെ ഉള്‍പ്പെടുത്തി തെളിവെടുപ്പ് സമിതി രൂപീകരിക്കുമെന്ന് മണി പറഞ്ഞു.
അതിനിടെ വീരപ്പന്‍ സ്വയം വെടിവച്ച് മരിച്ചതാണെന്ന അഭ്യൂഹവും പരന്നിട്ടുണ്ട്. ഇടതുചെവിയിലും ഇടതുചെന്നിയിലുമുള്ള വെടിയുണ്ടയേറ്റ പാടുകള്‍ ദൗത്യസേനയുടെ മുന്നില്‍പ്പെട്ട വീരപ്പന്‍ സ്വയം വെടിവച്ചതാണെന്ന അഭ്യൂഹത്തിന് ശക്തി പകരുന്നു.
വീരപ്പന്റെ കൂട്ടാളികളുടെ ശരീരത്തില്‍ നിന്ന് നാല്പതിലേറെ വെടിയുണ്ടകള്‍ കണ്ടെടുത്തപ്പോള്‍ വീരപ്പന്റെ മൃതദേഹത്തില്‍ കണ്ടത് മൂന്ന് വെടിയുണ്ടകളുടെ പാട് മാത്രമാണ്. രക്ഷപ്പെടാനാവില്ലെന്ന് കണ്ടപ്പോള്‍ വീരപ്പന്‍ സ്വയം വെടിവച്ചു മരിച്ചതാവാമെന്ന നിഗമനത്തിന് ഇതും കാരണമാണ്.
വീരപ്പന്റെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വീരപ്പന്റെ മകള്‍ പ്രഭയെ സ്കൂളില്‍ നിന്ന് ടിസി നല്‍കി പുറത്താക്കിയിരുന്നു.












Click it and Unblock the Notifications