പൊലീസ് നോക്കിനിന്നു; ഡോക്ടര്‍ മരിച്ചു
തിരുവനന്തപുരം: ബസ്സിടിച്ചു റോഡില്‍ രക്തത്തില്‍ കുളിച്ചുകിടന്ന ഡോക്ടറെ ജീപ്പില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പൊലീസുകാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ രക്തംവാര്‍ന്നു മരിച്ചു.
കെഎസ്ആര്‍ടിസി ബസ്സിടിച്ചു വീണ സ്കൂട്ടര്‍ യാത്രക്കാരനായ കന്യാകുളങ്ങര പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ സിവില്‍ സര്‍ജന്‍ പള്ളിപ്പുറം സിആര്‍പി ജംഗ്ഷന്‍ അങ്ങതില്‍ വീട്ടില്‍ ഡോ. എസ്. നജീബ് (50) ആണ് മരിച്ചത്.
സെക്രട്ടറിയേറ്റിന് മുന്നില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഡോക്ടര്‍ ചോര വാര്‍ന്നു റോഡില്‍ കിടക്കവെ പത്തു മിനിട്ടോളം പൊലീസ് നിഷ്ക്രിയമായി നോക്കിനിന്നു. സമരപ്പന്തലിന് അടുത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ജീപ്പിലെ പൊലീസുകാരോട് ഡോക്ടറെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ആംബുലന്‍സ് വരുമെന്നും മറ്റും പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് പൊലീസുകാര്‍ ശ്രമിച്ചത്.
ക്ഷുഭിതരായ നാട്ടുകാര്‍ പൊലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ജീപ്പിലിരിക്കുകയായിരുന്ന പൊലീസുകാരെ വലിച്ചിറക്കാന്‍ നാട്ടുകാര്‍ ശ്രമിക്കുന്നതിനിടയില്‍ ആംബുലന്‍സെത്തി ഡോക്ടറെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഡോക്ടര്‍ നജീബ് മരിച്ചതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി.
ബീമയാണ് ഭാര്യ. ശ്രീചിത്ര എഞ്ചിനീയറിംഗ് കോളജിലെ ഒന്നാം വര്‍ഷം വിദ്യാര്‍ഥിനി സുബി, വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തിലെ വിദ്യാര്‍ഥി സിബി, പള്ളിപ്പുറം സിആര്‍പിഎഫ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥിനി സാലിമ എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications