പിള്ള, ജേക്കബ് ഗ്രൂപ്പുകള്‍ യോഗം ബഹിഷ്കരിച്ചു
കൊല്ലം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ മുന്നോടിയായി കൊല്ലം ആശ്രമം ഗസ്റ് ഹൗസില്‍ നടന്ന യുഡിഎഫ് നേതാക്കളുടെ ജില്ലാതല യോഗത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് പിള്ള, ജേക്കബ് ഗ്രൂപ്പുകള്‍ വിട്ടുനിന്നു.
യോഗത്തില്‍ പങ്കെടുക്കാന്‍ കേരള കോണ്‍ഗ്രസ് (ബി)യുടെ നേതാക്കളാരും എത്തിയില്ല. അതേ സമയം കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാനെത്തിയെങ്കിലും ജേക്കബ് ഗ്രൂപ്പിനെ മന്ത്രിസഭയിലെടുക്കാത്തതിലുള്ള പ്രതിഷേധം അറിയിച്ച് യോഗത്തില്‍ പങ്കെടുക്കാതെ തിരികെപോയി.
കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ മോഹനന്‍പിള്ള, വാക്കനാട് രാധാകൃഷ്ണന്‍, കുളക്കട രാജു എന്നിവരാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. ജേക്കബ് ഗ്രൂപ്പിനെ മന്ത്രിസഭയിലെടുക്കാത്തതിലുള്ള പ്രതിഷേധം അറിയിക്കിനാണ് അവരെത്തിയത്. ഹൈക്കമാന്റാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈകൊള്ളുന്നതെന്ന് ഉമ്മന്‍ചാണ്ടി ജേക്കബ് ഗ്രൂപ്പ് നേതാക്കളോട് വ്യക്തമാക്കി. തുടര്‍ന്ന് ഇവര്‍ യോഗത്തില്‍ പങ്കെടുക്കാതെ സ്ഥലം വിട്ടു.
കേരള കോണ്‍ഗ്രസ് (ബി) നേതാക്കളായ ആര്‍. ബാലകൃഷ്ണപിള്ളയോ കെ. ബി. ഗണേഷ്കുമാറോ യോഗത്തിനെത്തിയില്ല. ജില്ലയിലെ മറ്റ് പ്രമുഖ യുഡിഎഫ് നേതാക്കളെല്ലാം യോഗത്തിനെത്തിയിരുന്നു. മന്ത്രി ബാബു ദിവാകരന്‍, ഡിസിസി പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍, എംഎല്‍എമാരായ ഷിബു ബേബിജോണ്‍, കടവൂര്‍ ശിവദാസന്‍, ഏഴുകോണ്‍ നാരായണന്‍, കോണ്‍ഗ്രസ് നേതാവ് സി. വി. പത്മരാജന്‍ തുടങ്ങിയവര്‍ യോഗത്തിനെത്തി.












Click it and Unblock the Notifications