ആശുപത്രിക്ക് നായനാരുടെ പേര്: സിപിഎം അംഗീകരിച്ചു
തിരുവനന്തപുരം: തലശ്ശേരിയില്‍ തുടങ്ങാനുദ്ദേശിയ്ക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് അന്തരിച്ച ഇ.കെ.നായനാരുടെ പേരിടാനുള്ള സി.പി.എം. കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ തീരുമാനം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു.
ആശുപത്രിയ്ക്ക് നായനാരുടെ പേരിടുന്നതിനുള്ള തീരുമാനം വിവാദമായ സാഹചര്യത്തിലാണ് ഒക്ടോബര്‍ 25 തിങ്കളാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് ഈ വിഷയം ചര്‍ച്ചയ്ക്കെടുത്തത്. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കില്‍ അത് പരിഹരിച്ചതായി യോഗത്തിനുശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
തലശ്ശേരിയില്‍ ആരംഭിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ആശുപത്രിക്ക് നായനാരുടെ പേര് നല്‍കാനുള്ള തീരുമാനത്തിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ ശാരദ ടീച്ചര്‍ സി.പി.എം. ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്തിനും പി.ബി. അംഗങ്ങള്‍ക്കും ഫാക്സ് അയച്ചതോടെയാണ് പ്രശ്നം വിവാദമായത്.
തുടര്‍ന്ന് ഇക്കാര്യം ശാരദടീച്ചറുമായി സംസാരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍ രണ്ടുവട്ടം ടീച്ചറുമായി ഫോണില്‍ സംസാരിച്ചതായി അറിയുന്നു. ഞായറാഴ്ച കണ്ണൂരിലുണ്ടായിരുന്ന വി.എസ്.അച്യുതാനന്ദനും ശാരദടീച്ചറുമായി ഇക്കാര്യം സംസാരിച്ചിരുന്നു.
സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി സ്വകാര്യ സംരംഭമല്ലെന്നും തലശ്ശേരി സഹകരണ ആശുപത്രി സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്ഥാപിക്കുന്നത് എന്നുമാണ് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റിന്റെ വിശദീകരണം. അത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍ വ്യത്യസ്ഥ നിലപാടാണ് സ്വീകരിച്ചിരിയ്ക്കുന്നത്. സിപിഎംന് പദ്ധതിയുമായി ബന്ധമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.












Click it and Unblock the Notifications