ഹൈപ്പര്‍മാര്‍ക്കറ്റുമായി ബന്ധമില്ലെന്ന് സിപിഎം
തിരുവനന്തപുരം: തലശേരി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും അതിനോട് അനുബന്ധിച്ച് പണിയുന്ന ഹൈപ്പര്‍മാര്‍ക്കറ്റും തമ്മില്‍ ബന്ധമില്ലെന്ന് സിപിഎം നേതൃത്വം പറയുന്നു.
തലശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റി തുടങ്ങിയ പബ്ലിക്ക് ലിമിറ്റഡ് കമ്പനിയായ തലശേരി മെഡിക്കല്‍ ഫൗണ്ടേഷന്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയോട് അനുബന്ധിച്ച് ഹൈപ്പര്‍മാര്‍ക്കറ്റ് സ്ഥാപിക്കുന്നത്. ഇതിനായി വിവിധ വ്യക്തികളില്‍ നിന്നും വിദേശമലയാളികളില്‍ നിന്നും ഫണ്ട് ശേഖരിച്ചുവരികയാണ്. സിപിഎം ജില്ലാ കമ്മിറ്റിയംഗം ഇ. നാരായണനാണ് തലശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ചെയര്‍മാന്‍.
അതേ സമയം രണ്ട് പദ്ധതികളും ഒരേ വ്യക്തിയുടെ ഭരണനിയന്ത്രണത്തിലാണെന്നതിന് തെളിവൊന്നുമില്ലെന്നാണ് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറയുന്നത്. ഇത് രണ്ടും രണ്ടാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ഏതെങ്കിലും തരത്തില്‍ ഇവ തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് ഇ. കെ. നായനാരുടെ പേരിടാനുള്ള നീക്കവുമായി മുന്നോട്ടുപോവാനാണ് സിപിഎമ്മിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. ആശുപത്രിക്ക് നായനാരുടെ പേരിടാനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനം സെക്രട്ടറിയേറ്റ് ശരിവച്ചു.
ഉയര്‍ന്ന തുകയീടാക്കി ചികിത്സ നല്‍കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പാവപ്പെട്ടവര്‍ക്ക് പോകാനാവില്ലെന്നും പാവങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന തന്റെ ഭര്‍ത്താവിന്റെ പേര് ഇത്തരമൊരു ആശുപത്രിക്കിടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി ഇ. കെ. നായനാരുടെ വിധവ ശാരദടീച്ചര്‍ സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന് കത്തയച്ചിരുന്നു. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ നല്‍കുന്ന ആശുപത്രിയായിരിക്കും ഇതെന്നാണ് ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ വിശദീകരണം. ഇതുസംബന്ധിച്ച് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ശാരദ ടീച്ചറുമായി ഫോണില്‍ സംസാരിച്ചിരുന്നു.
സിപിഎമ്മിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിക്കുന്ന സംസ്ഥാനത്തെ അഞ്ചാമത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ് തലശേരിയില്‍ വരാന്‍ പോവുന്നത്. നവംബറിലാണ് ആശുപത്രിക്ക് തറക്കല്ലിടുന്നത്.












Click it and Unblock the Notifications