പാലക്കാട് ഇപ്പോഴും പിന്നോക്കാവസ്ഥയില്‍
പാലക്കാട്: കേരളത്തിന്റെ നെല്ലറയായ പാലക്കാട് ഇപ്പോഴും വളര്‍ച്ചാനിരക്കിലും ജീവിതനിലവാരത്തിലും പ്രതിശീര്‍ഷവരുമാനത്തിലും ഏറെ പിന്നോക്കം നില്‍ക്കുന്നുവെന്ന് പഠനറിപ്പോര്‍ട്ട്. പ്രാദേശിക ആസൂത്രണ വകുപ്പും ദില്ലിയിലെ സ്കൂള്‍ ഒഫ് പ്ലാനിംഗ് ആന്റ് ആര്‍ക്കിടെക്ചറും ചേര്‍ന്ന് നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
മറ്റ് ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാലക്കാട് വികസനത്തില്‍ ഏറ്റവും പിന്നിലാണെന്ന് പഠനത്തില്‍ പറയുന്നു. 2001-02ല്‍ വരുമാന വളര്‍ച്ചാനിരക്കില്‍ ഏറ്റവും പിന്നില്‍ പാലക്കാടാണ്. 4.70 ശതമാനമാണ് പാലക്കാട് ജില്ലയുടെ വളര്‍ച്ചാനിരക്ക്. സംസ്ഥാന ശരാശരിയേക്കാള്‍ (4.72 ശതമാനം) പിന്നിലാണിത്. തിരുവനന്തപുരവും (6.21 ശതമാനം) ആലപ്പുഴയും (5.03 ശതമാനം) ആണ് വരുമാന വളര്‍ച്ചാനിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത്.
2001-2002ല്‍ പ്രതിശീര്‍ഷവരുമാനത്തില്‍ സംസ്ഥാന ശരാശരി 11,046 രൂപയായിരുന്നപ്പോള്‍ 9,726 രൂപയാണ് പാലക്കാടിന്റെ ശരാശരി. പ്രതിശീര്‍ഷ വരുമാനത്തില്‍ മലപ്പുറം ജില്ല (7568 രൂപ) മാത്രമാണ് പാലക്കാടിന് പിന്നിലായിരുന്നത്. എറണാകുളമായിരുന്നു പ്രതിശീര്‍ഷ വരുമാനത്തില്‍ മുന്നില്‍- 13,683 രൂപ.
സാക്ഷരതാ നിരക്കിലും അടിസ്ഥാന സൗകര്യങ്ങളിലും പാലക്കാട് സംസ്ഥാനത്ത് ഏറ്റവും പിന്നിലാണെന്ന് പഠനത്തില്‍ പറയുന്നു. ആരോഗ്യമേഖലയില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍13ാം സ്ഥാനത്താണ് പാലക്കാട്. സര്‍ക്കാര്‍ ആശുപത്രികളിലെ കിടക്കയുടെ എണ്ണമെടുത്താണ് ഇത് കണക്കാക്കിയിരിക്കുന്നത്. ഒരു ലക്ഷം പേര്‍ക്ക് 222 ആശുപത്രികിടക്കയാണ് തിരുവനന്തപുരം ജില്ലയ്ക്കുള്ലത്. മലപ്പുറമാണ് ഏറ്റവും പിന്നില്‍- ഒരു ലക്ഷം പേര്‍ക്ക് 60 കിടക്കകള്‍. പാലക്കാടിന്റെ സ്ഥാനം മലപ്പുറം ജില്ലയ്ക്ക് തൊട്ട് മുകളില്‍ ആണ്.
2001ലെ സെന്‍സസില്‍ 90.92 ശതമാനം സാക്ഷരതയുള്ള കേരളമായിരുന്നു രാജ്യത്തിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനം. പാലക്കാട് സാക്ഷരതയില്‍ 13-ാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ലയാണ്. 84.3 ശതമാനമാണ് പാലക്കാട്ടെ സാക്ഷരത.
1000 പുരുഷന്‍മാര്‍ക്ക് 1068 സ്ത്രീകളാണ് പാലക്കാട്ടുള്ളത്. ഇതില്‍ സംസ്ഥാന ശരാശരി 1058 സ്ത്രീകളാണ്. ചതുരശ്ര കിലോമീറ്ററില്‍ 584 പേര്‍ എന്നതാണ് പാലക്കാട്ടെ ജനസാന്ദ്രത. സംസ്ഥാന ശരാശരി 819 പേരാണ്. ജനസാന്ദ്രതയില്‍ 11-ാം സ്ഥാനത്താണ് പാലക്കാട് ജില്ല.
ചിറ്റൂര്‍, ആലത്തൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി, കൊല്ലങ്ങോട്, കുഴല്‍മന്ദം, നെന്മാറ എന്നീ പ്രദേശങ്ങള്‍ സാമൂഹിക സാമ്പത്തിക സ്ഥിതിയിലും അടിസ്ഥാന സൗകര്യങ്ങളിലും ഏറെ പിന്നിലാണെന്നാണ് മാനുഷിക വികസന സൂചിക വ്യക്തമാക്കുന്നത്.
നഗരവത്കരണത്തില്‍ പിന്നില്‍ നില്‍ക്കുന്ന ജില്ലകളിലൊന്നാണ് പാലക്കാട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ താമസിക്കുന്ന ജില്ല പാലക്കാടാണ്.
അതേ സമയം കാര്‍ഷികമേഖലയില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പാലക്കാട് മുന്നിലാണെന്ന് പഠനം വ്യക്തമാക്കുന്നു. കൃഷിയിടങ്ങള്‍ കുറഞ്ഞെങ്കിലും ഉത്പാദനക്ഷമത കൂടിയതിനാല്‍ ഉയര്‍ന്ന കാര്‍ഷിക ഉത്പാദനമാണ് പാലക്കാട് ജില്ലയില്‍ നടക്കുന്നത്.












Click it and Unblock the Notifications