യുബിഐ ചെയര്‍മാനെതിരെ കേസ്
കൊച്ചി: യുനൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് നടന്ന 42 കോടിയുടെ ബാങ്ക് കുംഭകോണ കേസില്‍ ബാങ്ക് ചെയര്‍മാനും മുന്‍ ആദായനികുതി ചീഫ് കമ്മിഷണറും ഉള്‍പ്പെടെയുള്ള പ്രമുഖരെ സിബിഐ ഫയല്‍ ചെയ്ത എഫ്ഐ ആറില്‍ പ്രതിചേര്‍ത്തു.
യുനൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ ചെയര്‍മാന്‍ പ്രകാശ്സിംഗ്, മുന്‍ ആദായനികുതി ചീഫ് കമ്മിഷണര്‍ പി. ത്യാഗരാജന്‍, ചെന്നൈയിലെ അരുണ്‍ വ്യാപാര്‍ ഉദ്യോഗ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ദീപക് മദന്‍, കൊച്ചിയിലെ ബിസിനസുകാരനായ ഫ്രാങ്കോ ജോസ് എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.
വന്‍തുക വായ്പ നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ പാലിക്കാതെ കൊച്ചിയിലെ ബെന്‍സ് ഓട്ടോമൊബൈല്‍സിന് 42 കോടിയുടെ വായ്പ പ്രകാശ് സിംഗ് അനുവദിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
ഇടനിലക്കാരുടെ സഹായത്തോടെയാണ് ഇടപാട് നടന്നത്. യുബിഐ ചെയര്‍മാന് വായ്പാതുകയുടെ രണ്ട് ശതമാനം കോഴയായി നല്‍കിയാല്‍ വന്‍തുക വായ്പയായി തരപ്പെടുത്താമെന്ന് ഇടനിലക്കാര്‍ ബെന്‍സ് ഡയറക്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. വായ്പാതുകയുടെ 0.25 ശതമാനമാണ് തങ്ങളുടെ കമ്മിഷനായി ഇടനിലക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതേ തുടര്‍ന്ന് കൊല്‍ക്കത്തയിലെ യുബിഐ ചെയര്‍മാന് നേരിട്ട് വായ്പക്കുള്ള അപേക്ഷ അയച്ചു.
യാതൊരു ഈടും നല്‍കാതെ വായ്പ അനുവദിച്ചു. ബെന്‍സ് 40 കോടിക്കാണ് അപേക്ഷിച്ചിരുന്നതെങ്കിലും പ്രകാശ് സിംഗ് വായ്പാതുക 42 കോടിയായി ഉയര്‍ത്തി.
വായ്പ അനുവദിച്ചതിന് ചെയര്‍മാന് കോഴയായി നല്‍കേണ്ട 87 ലക്ഷം രൂപയില്‍ 15 ലക്ഷം ആദ്യഗഡുവായി നല്‍കി. രണ്ടാമത്തെ ഗഡുവായി 25 ലക്ഷം രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് പ്രകാശ്സിംഗിന്റെ പേരിലെടുത്തെങ്കിലും അത് പ്രകാശ്സിംഗിന് ലഭിക്കുന്നതിന് മുമ്പായി സിബിഐക്ക് തട്ടിപ്പിനെ കുറിച്ചുള്ള സൂചന ലഭിച്ചു. ഇടനിലക്കാര്‍ക്ക് 13.6 ലക്ഷം രൂപ നല്‍കിയതായും സിബിഐ കണ്ടെത്തി.
പ്രകാശ്സിംഗ് എഴുതിയ കത്തും അയാളുടെ പേരിലെടുത്ത ഡിഡിയും സിബിഐക്ക് തെളിവുകളായി ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications