കിളിരൂര്‍: പെണ്‍കുട്ടിയുടെ നില അറിയിക്കണമെന്ന് കോടതി
കൊച്ചി: കിളിരൂര്‍ ലൈംഗിക പീഡനത്തിലെ ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈകോടതി ആവശ്യപ്പെട്ടു.
നവംബര്‍ രണ്ടിനാണ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കേണ്ടത്.
പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നും അടിയന്തിരമായി മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഈ നിര്‍ദേശം. ജനാധിപത്യ വനിതാ സംഘടനാ സെക്രട്ടറി അഡ്വ. ടി.ബി.മിനിയാണ് ഹര്‍ജിക്കാരി.
കേസ് മൂന്നാം തീയതി കോടതി വീണ്ടും പരിഗണിക്കും. ആരോഗ്യസ്ഥിതിയെപ്പറ്റിയുള്ള റിപ്പോര്‍ട്ട് നവംബര്‍ ഒന്നിനു മുമ്പ് നല്‍കാനാണ് കോടതി ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍ വിദഗ്ധ പരിശോധനയ്ക്ക് കൂടുതല്‍ ദിവസം വേണമെന്ന സര്‍ക്കാര്‍ ആവശ്യം പരിഗണിച്ച് ഒരു ദിവസം കൂടി നീട്ടിക്കൊടുക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ ജീവന്‍ അപകടപ്പെടുത്തുന്നതിനായി ചിലര്‍ ഗൂഢാലോചന നടത്തുന്നതായി ഹര്‍ജിക്കാരി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിദഗ്ദ്ധ ചികിത്സ കിട്ടാന്‍ സൗകര്യം കൊച്ചിയിലെ അമൃതാ മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
പ്രതിപക്ഷവും ഭരണപക്ഷവും പെണ്‍കുട്ടിയെ കൈവിട്ട സ്ഥിതിയിലാണ്. പെണ്‍കുട്ടിയുടെ ജീവന് അപകടം സംഭവിച്ചാല്‍ കേസ് അന്വേഷണവും തടസ്സപ്പെടുമെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്.
വെന്റിലേറില്‍ കഴിയുന്ന പെണ്‍കുട്ടി ക്ലിനിക്കലി ഡെഡ് എന്നാണ് അറിയുന്നത്. ഇതിന് സ്ഥിരീകരണം നല്‍കാന്‍ ആശുപത്രി അധികൃതരോ സര്‍ക്കാര്‍ വൃത്തങ്ങളോ തയ്യാറാകുന്നില്ല. ഏറെ മാധ്യമ ശ്രദ്ധ ഇതിനുള്ളതിനാല്‍ അതീവ രഹസ്യമായാണ് ചികിത്സ നടക്കുന്നത്.
കുടല്‍ മുറിഞ്ഞു പോകുന്ന രോഗമാണ് കുട്ടിക്കുള്ളത്. വയറ്റിനുള്ളില്‍ എന്തോ രാസവസ്തുക്കള്‍ കടന്നതാണ് ഇതിന് കാരണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രാസവസ്തുക്കള്‍ ഉപയോഗിച്ച് ഗര്‍ഭചിന്ദ്രത്തിന് ശ്രമിച്ചതാകാം ഈ അവസ്ഥയ്ക്ക് കാരണം. പീഡനത്തിനിടയിലോ ഗര്‍ഭചിന്ദ്രത്തിനിടയിലോ പെണ്‍കുട്ടിയുടെ മൂത്രാശയത്തിന് ക്ഷതം ഏറ്റിരുന്നതായും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications