കുഞ്ഞാലിക്കുട്ടിയുടെ രാജിയ്ക്കായി മുറവിളി
തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ മന്ത്രി കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കുഞ്ഞാലിക്കുട്ടിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹത്തിനെതിരെ ബലാത്സംഗകുറ്റത്തിന് കേസെടുക്കണമെന്നും സിപിഐ നേതാവ് വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. സ്വയം രാജിവച്ച് കുഞ്ഞാലിക്കുട്ടി ജനാധിപത്യമര്യാദ കാട്ടണമെന്നും വെളിയം ഒക്ടോബര്‍ 29 വെള്ളിയാഴ്ച തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്ത്രീപീഡനം സംബന്ധിച്ച കേസുകളുടെ അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താന്‍ സര്‍വ്വകക്ഷിയോഗം വിളിയ്ക്കണം. റജീനയുടെ പരാതി സംബന്ധിച്ച് സമഗ്രമായ അന്വേഷണം സര്‍ക്കാര്‍ നടത്തണം. - ശ്രീധരന്‍പിള്ള പറഞ്ഞു.
കുഞ്ഞാലിക്കുട്ടി സ്വയം രാജിവയ്ക്കുകയോ അതല്ലെങ്കില്‍ യുഡിഎഫ് അദ്ദേഹത്തോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യണമെന്ന് അഖിലേന്ത്യാ ജനാധിപത്യമഹിളോ അസോസിയേഷന്‍ നേതാക്കളായ ബൃന്ദാ കാരാട്ടും പി.കെ. ശ്രീമതിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ഉയര്‍ന്നുവരുന്ന സ്ത്രീപീഡനക്കേസുകള്‍ ഗൗരവമായി അന്വേഷിയ്ക്കപ്പെടുന്നില്ലെന്ന് പി.കെ. ശ്രീമതി പറഞ്ഞു. ഉന്നതന്മാരായ ആളുകള്‍ അവരുടെ അധികാരവും പണവും ഉപയോഗിച്ച് ഇത്തരം കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നത് ഇത് ആദ്യമല്ലെന്നും അവര്‍ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്കും മാര്‍ച്ച് നടത്തി. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷനും സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി.












Click it and Unblock the Notifications