പെണ്‍കുട്ടി ഭ്രാന്ത് പുലമ്പുന്നു: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: കോഴിക്കോട് ഐസ്ക്രീം പാര്‍ലറിലെ പെണ്‍കുട്ടി ആരുടെയോ സ്വാധീനത്തിന് വഴങ്ങി തനിയ്ക്കെതിരെ ഭ്രാന്ത് പുലമ്പുകയാണെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന റജീനയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിയ്ക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടുപോലുമില്ല. എനിയ്ക്കെതിരായ ആരോപണം പെണ്‍കുട്ടി മജിസ്ട്രേറ്റിന് മുന്നില്‍ നേരത്തെ നിഷേധിച്ചതാണ്. ഇപ്പോള്‍ തിരിച്ചുപറയുന്നത് ആരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ്. - ഹജില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യയിലേക്ക് യാത്രപോകുന്ന കുഞ്ഞാലിക്കുട്ടി മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് വാര്‍ത്താലേഖകരോട് പ്രതികരിച്ചത്.
സുപ്രീംകോടതിയില്‍ പോലും തനിയ്ക്കെതിരായ ഈ കേസ് പരാജയപ്പെട്ടതാണ്. ഇനിയിപ്പോള്‍ എന്റെ കുടുംബജീവിതം മോശമാക്കാനല്ലാതെ പെണ്‍കുട്ടിയുടെ ആരോപണംകൊണ്ട് മറ്റൊരു കാര്യവുമില്ല. - കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മന്ത്രി മുനീറിന്റെ ചാനലായ ഇന്ത്യാവിഷനാണ് ആദ്യമായി പെണ്‍കുട്ടിയുടെ അഭിമുഖം സംപ്രേഷണം ചെയ്തത്. ഇക്കാര്യം വാര്‍ത്താലേഖകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇന്ത്യാവിഷന്‍ മുനീറിന്റെ നിയന്ത്രണത്തിലുള്ള ചാനലല്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.












Click it and Unblock the Notifications