എരുമേലിയില്‍ ഗതാഗതം നിരോധിയ്ക്കും
ശബരിമല: പേട്ട തുള്ളല്‍ നടക്കുന്ന സമയത്ത് എരുമേലിയില്‍ ഗതാഗതം നിരോധിയ്ക്കാന്‍ ധാരണയായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 29 വെള്ളിയാഴ്ച ശബരിമലയില്‍ നടക്കുന്ന ഉന്നതതല അവലോകനയോഗമാണ് ഈ തീരുമാനം എടുത്തത്.
എരുമേലിയില്‍ ഗതാഗതം നിരോധിയ്ക്കേണ്ട കാര്യം ഇപ്പോള്‍ തത്വത്തില്‍ അംഗീകരിച്ചിട്ടേയുള്ളൂ. തീരുമാനം അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കും.
ശബരിമലയിലെ തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യം ഏര്‍പ്പെടുത്താന്‍ ഒരു സര്‍ക്കാരിനും കഴിഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി ആമുഖമായി പറഞ്ഞു. തിരുപ്പതിയില്‍ പോകുമ്പോഴാണ് ശബരിമലയിലെ കുറവ് അനുഭവപ്പെടുന്നത്. വനഭൂമി കിട്ടാത്തതുകൊണ്ടാണ് ശബരിമലയിലെ വികസനം നടക്കാത്തത്. അടുത്ത വര്‍ഷം കൂടുതല്‍ വനഭൂമി കിട്ടും. - ഉമ്മന്‍ചാണ്ടി പറഞ്ഞു.
യോഗത്തില്‍ ആദ്യം പിഡബ്ല്യുഡി സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നത്. ചാലക്കയം ഹൈവേ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് വിശദമായി നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഹൈവേ പൂര്‍ത്തിയാക്കാന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നുള്ള തടസ്സങ്ങള്‍ നീക്കാന്‍ ഉടനെ ശ്രമിയ്ക്കുമെന്ന് വനംമന്ത്രി വിശ്വനാഥന്‍ പറഞ്ഞു. ഹൈവേയുടെ കാര്യത്തില്‍ മരാമത്ത് വകുപ്പും വേണ്ട കാര്യങ്ങളെല്ലാം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു.
ഗതാഗതമുള്‍പ്പെടെ ഓരോ പ്രശ്നങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്യും. ഇതിനായി ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തിന് ശേഷം മുഖ്യമന്ത്രി ശബരിമല സന്നിധാനം സന്ദര്‍ശിയ്ക്കും. ദേവസ്വം മന്ത്രി കെ.സി. വേണുഗോപാല്‍, ഗതാഗതമന്ത്രി ശക്തന്‍നാടാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications