കിളിരൂര്‍: കേസ് അന്വേഷണത്തിന് വിഘാതം പെണ്‍കുട്ടിയുടെ നില
തിരുവനന്തപുരം: കിളിരൂര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണം പുരോഗമിയ്ക്കാത്തത് പെണ്‍കുട്ടി അബോധാവസ്ഥയിലായതിനാലാണെന്ന് കേസ് അന്വേഷിയ്ക്കുന്ന ഡി.ഐ.ജി. ശ്രീലേഖ ഡി.ജി.പി. ഹോര്‍മിസ് തരകന്റെ മുന്നില്‍ വ്യക്തമാക്കി. ഡി.ജി.പി. വിളിച്ച് ചേര്‍ത്ത അവലോകന യോഗത്തിലാണ് ശ്രീലേഖ ഇത് വ്യക്തമാക്കിയത്.
അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളും പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ ചിലരുടെ പേരുകളും അവര്‍ ഡി.ജി.പി.യെ അറിയിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 30 ശനിയാഴ്ചനടന്ന യോഗത്തില്‍ കേസ് സി.ബി.ഐ.യ്ക്ക് കൈമാറുന്നതിനെക്കുറിച്ച് ചര്‍ച്ച ഉണ്ടായി. എന്നാല്‍ ഇതിനെക്കുറിച്ച് രണ്ടഭിപ്രായമാണ് ഉണ്ടായത്. സംസ്ഥാന പോലീസ് എത്രമാത്രം സത്യസന്ധമായി അന്വേഷണം നടത്തിയാലും പഴി കേള്‍ക്കേണ്ടിവരുമെന്ന ഒരഭിപ്രായം ഒരുവശത്ത്. എന്നാല്‍ സി.ബി.ഐയ്ക്ക് കേസന്വേഷണം വിട്ടുകൊണ്ട് സംസ്ഥാന പോലീസ് കൈകഴുകുന്നു എന്ന ആരോപണം വരില്ലേയെന്ന സംശയമാണ് മറ്റൊരു കൂട്ടര്‍ക്കുള്ളത്. എന്തായാലും പ്രശ്നം വിശദമായി പഠിച്ചശേഷം ഒരു തീരുമാനത്തില്‍ എത്തിയാല്‍ മതിയെന്ന നിലപാടാണ് ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്മാര്‍ക്കുള്ളത്.
കോഴിക്കോട്ടെ ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസ് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കത്തിപ്പടരുന്നത് കണ്ടാണ് കിളിരൂര്‍ സംഭവം സി.ബി.ഐ.യ്ക്ക് വിട്ടാലെന്താണെന്ന ചിന്താഗതി സംസ്ഥാന പോലീസിനുണ്ടായത്.
ഹവാല കേസിനെക്കുറിച്ചും അവലോകനയോഗം ഉണ്ടായിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പണം ഉപയോഗിച്ചുവോ എന്നതാണ് ഇനി അന്വേഷിക്കുക. പണം ലഭിച്ചവരുടെ പേരുവിവരങ്ങള്‍ പോലീസിന്റെ പക്കലുണ്ട്.


Click it and Unblock the Notifications