റജീനയെ ഉമ്മയ്ക്കൊപ്പം വിട്ടു
കോഴിക്കോട്: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ലൈംഗിക പീഡനാരോപണമുന്നയിച്ച റജീന ശനിയാഴ്ച ഉമ്മ ഫാത്തിമയോടൊപ്പം മൂഴിക്കലെ വസതിയിലേക്ക് പോയി. റജീനയുടെ ആവശ്യപ്രകാരമാണ് അധികൃതര്‍ അവരെ വിട്ടയയ്ക്കാന്‍ തയ്യാറായത്.
കൊണ്ടുപോകാനായി ഉമ്മ എത്തിയപ്പോള്‍ റജീന ആദ്യം അമ്മയോട് ദ്വേഷ്യപ്പെട്ടു. താന്‍ മനോരോഗി ആണെന്ന സര്‍ട്ടിഫിക്കറ്റ് കൊണ്ടുവന്നിട്ടുണ്ടോ എന്നാണ് റജീന ഉമ്മയോട് ആദ്യം ചോദിച്ചതെന്ന് അപ്പോള്‍ റജീനയുടെ അടുത്തുണ്ടായിരുന്ന ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ഒക്ടോബര്‍ 29 വെള്ളിയാഴ്ച രാത്രി ഭര്‍ത്താവ് പ്രമോദ് ഉപേക്ഷിച്ച റജീനയെ മാധ്യമപ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും ചേര്‍ന്ന് വനിതാ സംഘടനയായ അന്വേഷിയുടെ ഷോര്‍ട്ട് സ്റേ ഹോമിലെത്തിക്കുകയായിരുന്നു.
ശനിയാഴ്ച കാലത്തുമുതലേ റജീന അഭയകേന്ദ്രം വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യക്ഷേമ വകുപ്പിന്റെ അബലാ കേന്ദ്രത്തിലേയ്ക്ക് റജീനയെ മാറ്റാന്‍ പൊലീസ് ശ്രമിച്ചെങ്കിലും അതിന് അവള്‍ വിസമ്മതിച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ചതിനാലും കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതിനാലും അവര്‍ മാനസികമായി ക്ഷീണിതയായിരുന്നു. തന്നെ സ്വതന്ത്രമായി പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആ തീരുമാനം അംഗീകരിച്ച അധികൃതര്‍ റജീന എവിടെപ്പോവുകയാണെങ്കിലും സംരക്ഷണം നല്‍കാമെന്ന് പറഞ്ഞു.
തുടര്‍ന്ന് റജീന തന്നെ ബന്ധുക്കളെ ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനിടെയാണ് നാടകീയമായി ഉമ്മ ഫാത്തിമ നടക്കാവ് പോലീസ് സ്റേഷനിലെത്തിയത്. പോലീസ് വിളിച്ചു വരുത്തിയതാണെന്നാണ് പറഞ്ഞത്. അതോടെ ഉമ്മയോടൊപ്പം പോകാന്‍ സന്നദ്ധയാണെന്ന് റജീനയും പറഞ്ഞു. തുടര്‍ന്ന് പോലീസ് ഫാത്തിമയെ അഭയകേന്ദ്രത്തിലെത്തിച്ചു. അതുവരെയും റജീന മുഖ്യമായും കുറ്റപ്പെടുത്തിയത് ഉമ്മയെയും സഹോദരിമാരെയുമായിരുന്നു.
രാത്രി ഏഴോടെയാണ് റജീനയും ഉമ്മയും മൂഴിക്കലെ വീട്ടിലേക്ക് പോയത്. റജീനയ്ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് അന്വേഷി രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ച് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫാത്തിമ എത്തുന്നതിന് മുമ്പ് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ അഭയകേന്ദ്രത്തിലെത്തി റജീനയോട് സംസാരിച്ചിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയില്ലെന്ന് റജീന പറഞ്ഞതായി അവര്‍ വ്യക്തമാക്കി. എന്നാല്‍ ഉമ്മ വന്നതോടെ റജീനയുടെ മനോഭാവത്തില്‍ മാറ്റം കണ്ടതായി അവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രോഷം പൂണ്ട് സംസാരിച്ച ഫാത്തിമ, മന്ത്രി കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നുമുണ്ടായിരുന്നു. ഫാത്തിമ ശനിയാഴ്ച പ്രസ്ക്ലബില്‍ പത്രസമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല.












Click it and Unblock the Notifications