കോണ്‍ഗ്രസില്‍ അമര്‍ഷമുയരുന്നു
കോഴിക്കോട്: കുഞ്ഞാലിക്കുട്ടി പ്രശ്നം യുഡിഎഫ് യോഗം ചര്‍ച്ച ചെയ്തില്ലെങ്കിലും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയ്ക്കെതിരായ നീക്കത്തിലാണെന്ന് അറിയുന്നു. കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനോട് വി. എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രതിഷേധമുണ്ട്.
കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിനും സര്‍ക്കാരിനും വിനയാവുമെന്ന നിലപാടിലാണ് സുധീരനും മുല്ലപ്പള്ളിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍. കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാനുള്ള യുഡിഎഫിന്റെ നീക്കത്തിനെതിരെ ആഞ്ഞടിക്കാനാണ് സുധീരന്റെ തീരുമാനം. ബുധനാഴ്ച വൈകീട്ട് അദ്ദേഹം വിളിച്ചുകൂട്ടിയിരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം യുഡിഎഫ് നിലപാടിനെ വെല്ലുവിളിച്ചേക്കും.
മുല്ലപ്പള്ളി രാമചന്ദ്രനും ഇക്കാര്യത്തില്‍ യുഡിഎഫ് എടുക്കുന്ന നിലപാടില്‍ അതൃപ്തനാണ്. ഈ പ്രശ്നത്തില്‍ കോണ്‍ഗ്രസിനുള്ള ശക്തമായ രോഷം യുഡിഎഫ് വേദികളില്‍ അറിയിച്ചിട്ടുണ്ടെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
യുഡിഎഫ് യോഗത്തില്‍ കുഞ്ഞാലിക്കുട്ടി പ്രശ്നം ചര്‍ച്ച ചെയ്തില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത് സാങ്കേതികാര്‍ഥത്തില്‍ മാത്രമാണ്. കുഞ്ഞാലിക്കുട്ടിയുടെ രാജിക്കാര്യത്തില്‍ കെപിസിസി നിര്‍വാഹക സമിതി യോഗം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി മടി കാണിക്കരുതെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായമെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുസ്ലിം ലീഗിലെ ഒരു മന്ത്രിയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതില്‍ പല നേതാക്കള്‍ക്കും അമര്‍ഷമുണ്ട്. പെണ്‍വാണിഭ കേസില്‍ ആരോപണവിധേയനായ മന്ത്രിയെ സംരക്ഷിക്കുന്നത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിഛായക്ക് മങ്ങലേല്പിക്കാന്‍ കാരണമാവുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
മന്ത്രിസഭയില്‍ തന്നെ ചിലര്‍ കുഞ്ഞാലിക്കുട്ടി രാജി വയ്ക്കണമെന്ന അഭിപ്രായക്കാരാണ്. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ. സി. വേണുഗോപാല്‍ എന്നിവര്‍ രാജിയാണ് വേണ്ടതെന്ന നിലപാടിലാണ്. എ. കെ. ആന്റണിക്കും കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്ന നിലപാടിനോട് യോജിപ്പില്ല.












Click it and Unblock the Notifications