ബിജെപിയ്ക്കെതിരെ യുപിഎക്ക് ജാഗ്രത വേണം
ഭോപാല്‍: സാമുദായിക രാഷ്ട്രീയത്തിലൂടെ ബിജെപി വീണ്ടും മേല്‍വിലാസമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.
ബിജെപിയും ആര്‍എസ്സും ഹിന്ദുത്വത്തിലേക്ക് തിരിച്ചുപോവുന്നത് എന്‍ഡിഎയില്‍ ആഭ്യന്തര ഭിന്നിപ്പുണ്ടാക്കിയിട്ടുണ്ട്. അത് രാജ്യത്തിന് നല്ലതാണ്. എന്നാല്‍ ബിജെപിയ്ക്കെതിരെ യുപിഎ ജാഗരൂകമായി തുടരും.
പൊതു മിനിമം പരിപാടി അനുസരിച്ച് തൊഴില്‍ സുരക്ഷാ പരിപാടി നടപ്പിലാക്കേണ്ടതാണ്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതുസംബന്ധിച്ച നിയമം സര്‍ക്കാര്‍ കൊണ്ടുവരണം.
പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ്, കസ്റ്സ് തീരുവ നീക്കം ചെയ്യണമെന്ന ഇടതുപാര്‍ട്ടികളുടെ നിര്‍ദേശം കേന്ദ്രം നടപ്പിലാക്കണം. പെട്രോളിയം ഉത്പന്നങ്ങളുടെ വില സ്ഥിരമായി നിര്‍ത്താന്‍ അത് സഹായിക്കും.
മൂന്നാം മുന്നണി രൂപീകരിക്കുന്നതിനെ കുറിച്ചുള്ള എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ പ്രസ്താവന അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നകാലത്തോളം ഇടതുപാര്‍ട്ടികള്‍ ഗൗരവത്തിലെടുക്കുന്നില്ല.
യുപിഎ ഒരു തീവണ്ടിയാണെന്നും അത് പാലം തെറ്റുമ്പോഴൊക്കെ ഇടതുപാര്‍ട്ടികള്‍ അതിനെ പാളത്തിലേക്ക് തിരികെകൊണ്ടുവരുമെന്നും ജനങ്ങളുടെ ക്ഷേമത്തിനായി മുന്നോട്ടുപോവാന്‍ അതിന് ഒരു തള്ള് നല്കി സഹായിക്കുമെന്നും യെച്ചൂരി പറഞ്ഞു.