നദീജലം: പ്രതിഷേധം മുറുകുന്നു
തിരുവനന്തപുരം: തമിഴ്നാടിനു വെള്ളം നല്‍കാമെന്ന് ആന്റണി മന്ത്രിസഭയുടെ കാലത്ത് തമിഴ്നാടിന് ഉറപ്പു നല്‍കിയിരുന്നെന്ന കാര്യം പുറത്തായതോടെ ഇതിനെതിരെയുള്ള പ്രതിഷേധവും ശക്തമാകുന്നു.
കേരളത്തിലെ കര്‍ഷകര്‍ വെള്ളം കിട്ടാതെ വലയുമ്പോള്‍ ഇവരുടെ താല്പര്യങ്ങള്ക്ക് വില കല്പിക്കാതെ തമിഴ്നാടിന് അനുകൂലമാായി ധാരണയുണ്ടാക്കിയെന്ന കാര്യം വെളിപ്പെടുത്തിയത് ജലസേചന വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. ഇക്കാര്യം പ്രതിപക്ഷം കൂടി ഏറ്റുപിടിച്ചതോടെ പുതിയ വിവാദത്തിനു വഴി തുറന്നിരിക്കുകയാണ്.
ഇടമലയാര്‍ പദ്ധതി പൂര്‍ത്തിയാക്കിയാല്‍ പെരിയാര്‍ നദീതടത്തില്‍ പെട്ട ആനമലയാറില്‍ നിന്നും 2.5 ടിഎംസി വെള്ളം തമിഴ്നാടിനു നല്‍കാമെന്നായിരുന്നു കരാര്‍വ്യവസ്ഥ. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കുകയോ നാലുവര്ഷംകഴിയുകയോ ഏതാണ് ആദ്യം, അതുമുതല്‍ വെള്ളം നല്‍കിക്കൊള്ളാമെന്നാണ് കേരളം ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്.കേരളത്തിന് ദോഷകരമായ ഈ കരാര്‍ അംഗീകരിച്ചതിന് മുന്ജലസേചനമന്ത്രി ടി.എം ജേക്കബ്ബിനെയാണ് തിരുവഞ്ചൂര്‍ രാധാൃഷ്ണന് പഴിചാരുന്നത്.
എന്നാല്‍ അന്ന് നടത്തിയ ചര്‍ച്ചയില്‍ ചില നിര്‍ദ്ദേശങ്ങള്‍ വയ്ക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ജേക്കബ്ബ് പറയുന്നു. അന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍മന്ത്രി ടി.എം ശങ്കരനാരായണനും ജേക്കബ്ബിന്റെ വെളിപ്പെടുത്തലിനോട് യോജിക്കുന്നു.
പുതിയ വിവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാസമ്മേളനം വേണമെന്ന് പ്രതിപക്ഷനേതാവ് വി. എസ.് അച്യുതാനന്ദന് ആവശ്യപ്പെട്ടു. വെള്ളം നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന കാര്യം ശരിയാണെങ്കില്‍ ഇക്കാര്യത്തില്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണിയാണ് ഒന്നാംപ്രതിയെന്ന് ജനതാദള്‍ സെക്രട്ടറി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. നദീജലതര്ക്കത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും വെളിപ്പെടുത്തണമെന്ന് വിവിധ രാഷ്ട്രീയകക്ഷികളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications