ഫയല്‍ കാണാതായത് ഡിഐജി അന്വേഷിക്കും
തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ കേസിലെ സാക്ഷി റജീന വനിതാ കമ്മിഷന് മുമ്പാകെ നല്‍കിയ മൊഴി അടങ്ങിയ ഫയല്‍ കാണാതായതു സംബന്ധിച്ച് കമ്മിഷന്‍ ഡയറക്ടറും ഡിഐജിയുമായ വി. ശാന്താറാം അന്വേഷിക്കുമെന്ന് കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം. കമലം അറിയിച്ചു.
റജീനയുടെ മൊഴി അടങ്ങിയ മൊഴി ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്നുവെന്ന് മുന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ സുഗതകുമാരി പറഞ്ഞിരുന്നു. ബാങ്ക് ലോക്കറില്‍ നിന്ന് കമ്മിഷന്‍ ഓഫീസിലേക്ക് ഫയലുകള്‍ മാറ്റിയെന്ന് വ്യക്തമായിട്ടുണ്ട്. ലോക്കറിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഫയലുകള്‍ ഓഫീസിലേക്ക് മാറ്റിയത്. ഫയല്‍ കാണാതായതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യം ഡിഐജി അന്വേഷിക്കും.
വനിതാ കമ്മിഷന്റെ സെക്രട്ടറിയായിരുന്ന കെ. ബി. വത്സലകുമാരിയോടും സൂപ്രണ്ടായ വിജയകുമാരന്‍ നായരോടും കാര്യങ്ങള്‍ ആരായുമെന്ന് കമലം വ്യക്തമാക്കി. അമേരിക്കയിലുള്ള വത്സലകുമാരിയുമായും ബറോഡയിലുള്ള വിജയകുമാരന്‍ നായരുമായും ബന്ധപ്പെടാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
റജീന മൊഴിമാറ്റിപ്പറയുന്നില്ലെങ്കില്‍ വീണ്ടും കേസെടുക്കാന്‍ തയ്യാറാണെന്ന് കമലം വ്യക്തമാക്കി.












Click it and Unblock the Notifications