കിളിരൂര്‍ പെണ്‍കുട്ടി മരിച്ചു
കോട്ടയം: കിളിരൂര്‍ പെണ്‍വാണിഭക്കേസിലെ പെണ്‍കുട്ടി കിളിരൂര്‍ തിരുവാര്‍പ്പ് ചെറിയ കാരയ്ക്കാട്ട് ശാരി എസ്. നായര്‍ (18) മൂന്ന് മാസത്തോളം അനുഭവിച്ച നരകയാതനക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി.
ചികിത്സയിലായിരുന്ന ശാരി നവംബര്‍ 13 ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് മരിച്ചത്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
കടുത്ത പൂപ്പല്‍ ബാധ മൂലം വൃക്കക്കളുടെ പ്രവര്‍ത്തനം തകരാറിലാവുകയായിരുന്നു. പൂപ്പല്‍ബാധ പ്രതിരോധിക്കാന്‍ വിദേശത്തു നിന്ന് വരുത്തിയ മരുന്ന് നല്‍കിയിരുന്നുവെങ്കിലും ശരീരം മരുന്നിനോട് പ്രതികരിച്ചില്ല. ശാരിയുടെ തലച്ചോറിലെ ഞരമ്പുകള്‍ക്കും പേശികള്‍ക്കും ബലക്ഷയവും സംഭവിച്ചിരുന്നു. നാല് തവണ ഡയാലിസിസ് നടത്തിയിട്ടും പ്രയോജനമുണ്ടായില്ല.
പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ ശാരി ഓഗസ്റില്‍ ഒരു കുഞ്ഞിന് ജന്മ നല്‍കിയിരുന്നു. മരണസമയത്ത് അച്ഛനും അമ്മയും കുഞ്ഞും അടുത്തുണ്ടായിരുന്നു. മൃതദേഹം ഞായറാഴ്ച പോസ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം വൈകീട്ടോടെ അച്ഛന്‍ സുരേന്ദ്രന്റെ തൃക്കൊടിത്താനത്തെ വീട്ടില്‍ സംസ്കരിക്കും.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സപ്തംബര്‍ 17നാണ് ശാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടലില്‍ അണുബാധയുണ്ടായിരുന്നത് മൂലം രണ്ട് തവണ ശസ്ത്രക്രിയ നടത്തിയിരുന്നു. ഒക്ടോബര്‍ 31നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. നേരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം അവിടെ നിന്ന് ശാരിയെ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്യിക്കുകയായിരുന്നു.
കേരളത്തെ ഞെട്ടിപ്പിച്ച ഒരു പീഡനക്കേസിലെ സാക്ഷിയാണ് മരണത്തിന് കീഴടങ്ങിയത്. ഏഴോളം പേര്‍ ഇതുവരെ കേസില്‍ അറസ്റിലായിട്ടുണ്ട്. ഉന്നതരില്‍ പലരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് കേസന്വേഷണം വിവാദത്തിന് വഴിവച്ചിരുന്നു.












Click it and Unblock the Notifications