കിളിരൂര്‍ പെണ്‍കുട്ടിയുടെ ജഡം സംസ്കരിച്ചു
കോട്ടയം: കിളിരൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി ശാരി എസ്. നായരുടെ മൃതദേഹം പ്രത്യേക കല്ലറയില്‍ സംസ്കരിച്ചു. പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധം അണപൊട്ടിയ അന്തരീക്ഷത്തിലാണ് നവംബര്‍ 14 ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെ പെണ്‍കുട്ടിയുടെ പിതാവിന്റെ തൃക്കൊടിത്താനത്തെ ശബരിഗിരി വീട്ടുവളപ്പില്‍ ശവസംസ്കാരം നടത്തിയത്.
സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീണ്ടും മൃതദേഹം പോസ്റ്മോര്‍ട്ടം നടത്തേണ്ടിവന്നാല്‍ അതിന് സൗകര്യത്തിനായാണ് സിമന്റ് കല്ലറയില്‍ സംസ്കരിച്ചത്. ഫോറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്മോര്‍ട്ടത്തിന് ശേഷമാണ് ശവസംസ്കാരം നടന്നത്.
വിലാപയാത്രയായാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും മൃതദേഹം ചങ്ങനാശേരിയിലേക്ക് കൊണ്ടുപോയത്. വിലാപയാത്രക്ക് പൊലീസ് സംഘത്തിന്റെ അകമ്പടിയുണ്ടായിരുന്നു.
ശവസംസ്കാരം നടന്ന തൃക്കൊടിത്താനത്തെ വീട്ടില്‍ നൂറുകണക്കിന് ജനങ്ങളെത്തിയിരുന്നു. പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തവര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. കുറ്റവാളികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നാട്ടുകാര്‍ മുദ്രാവാക്യം മുഴക്കി.












Click it and Unblock the Notifications