കാഞ്ചി: രേഖകള്‍ ആവശ്യപ്പെട്ടു
കാഞ്ചീപുരം: കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിയുടെ ജാമ്യാപേക്ഷ നവംബര്‍ 17 ബുധനാഴ്ച സമര്‍പ്പിക്കുന്ന സാഹചര്യത്തില്‍ കേസിന്റെ എഫ്.ഐ.ആറിന്റേയും മറ്റു രേഖകളുടെയും കോപ്പികള്‍ ആവശ്യപ്പെട്ട് മഠാധിപതിയുടെ വക്കീല്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
മജിസ്ട്രേറ്റ് ഉത്തമരാജനു മുന്നാകെ പെറ്റീഷന്‍ സമര്‍പ്പിക്കവെ മഠാധിപതിക്ക് ജയിലില്‍ പൂജ ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് താന്‍ മുന്‍പ് കോടതി മുന്‍പാകെ അപേക്ഷ നല്‍കിയിരുന്നെന്നും വക്കീല്‍ അറിയിച്ചു.
ഇതിനിടെ കാഞ്ചി കാമകോടി സഹമഠാധിപതി വിജയേന്ദ്ര സരസ്വതി കാഞ്ചീപുരത്തെത്തി. വാഹനത്തില്‍ നിന്നിറങ്ങിയ ഉടനെ ആശ്രമത്തില്‍ പ്രവേശിച്ച അദ്ദേഹം സംഭവത്തില്‍ താന്‍ അതീവദു:ഖിതനാണെന്നും സ്വാമിക്കു വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നുമാവശ്യപ്പെട്ടു.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ആഭ്യന്തരസെക്രട്ടറിയും മഠാധിപതിയെ കാണാന്‍ അനുവാദം തേടിയിട്ടുണ്ട്.
ജയേന്ദ്രസരസ്വതിയുടെ അറസ്റിനെ ബി.ജെ.പി നേതാവ് മുരളിമനോഹര്‍ ജോഷി അപലപിച്ചു. പൂജ നടത്തിക്കൊണ്ടിരിക്കെ അദ്ദേഹത്തെ അറസ്റു ചെയ്തതു വഴി ഹിന്ദുക്കളെ മാത്രമല്ലാ എല്ലാ മതവിശ്വാസികളേയും അപമാനിക്കുകയാണു ചെയ്തതെന്ന് ജോഷി പറഞ്ഞു.
ഇതിനിടെ വരദരാജ പെരുമാള്‍ ക്ഷേത്രത്തിലെ ശങ്കരരാമന്റെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു കരുതുന്ന ഗുണ്ടാത്തലവന്‍ അപ്പുവിനെ തങ്ങള്‍ തെരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.ജയേന്ദ്രസരസ്വതിയുടെ അറസ്റില്‍ പ്രതിഷേധിച്ച് ഇന്നുച്ചക്കു ശേഷം ബിജെപി യോഗം ചേരും. വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ യോഗത്തില്‍ സംബന്ധിക്കും.












Click it and Unblock the Notifications