മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ചര്‍ച്ച നികുതി, വികസനം
ബാംഗ്ലൂര്‍: പത്താം പദ്ധതിയുടെ ഇടക്കാല വിലയിരുത്തലിനായി ചേര്‍ന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക ഞെരുക്കത്തെയും കടബാധ്യതയെയും കുറിച്ച് ചര്‍ച്ച ചെയ്തു.
മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി (കേരളം), ധരംസിംഗ് (കര്‍ണാടകം), വൈ. എസ്. രാജശേഖര്‍ റെഡ്ഢി (ആന്ധ്രാപ്രദേശ്), വിലാസ്റാവു ദേശ്മുഖ് (മഹാരാഷ്ട്ര), എന്‍. രംഗസ്വാമി (പോണ്ടിച്ചേരി) എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. തമിഴ്നാടിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ലക്ഷ്മി പ്രണേഷ് യോഗത്തില്‍ പങ്കെടുത്തു. ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക് സിംഗ് അലുവാലിയയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.
കൃഷി, കാര്‍ഷികകടം, ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ, ജോലിക്ക് കൂലി പരിപാടി, ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും അടിസ്ഥാനസൗകര്യങ്ങള്‍, സാമൂഹികമേഖലകള്‍, സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ എന്നിവയെ കുറിച്ച് അലുവാലിയ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം ഓരോരുത്തരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തും.
ഇടക്കാല വിലയിരുത്തല്‍ രേഖയില്‍ സംസ്ഥാനങ്ങളുടെ ഊര്‍ജസബ്സിഡി പ്രശ്നത്തില്‍ പരിഹാരം നിര്‍ദേശിക്കുമെന്ന് അലുവാലിയ പറഞ്ഞു.












Click it and Unblock the Notifications