ജലീലിനെ ലീഗില്‍ തിരിച്ചെടുത്തേക്കില്ല
മലപ്പുറം: യൂത്ത് ലീഗ് നേതാവ് കെ. ടി. ജലീലിനെ തിരിച്ചെടുക്കാനുള്ള നീക്കം മുസ്ലി ലീഗ് ഉപേക്ഷിച്ചതായി അറിയുന്നു. ജലീല്‍ നേതൃത്വം ആവശ്യപ്പെട്ടതു പ്രകാരം മാപ്പ് എഴുതിനല്‍കാത്തതും കുഞ്ഞാലിക്കുട്ടിപ്രശ്നത്തില്‍ സ്വീകരിച്ച നിലപാടുമാണ് ഇതിന് കാരണം.
എക്സ്പ്രസ് ഹൈവേ, കരിമണല്‍ പ്രശ്നങ്ങളില്‍ ജലീല്‍ സ്വീകരിച്ച നിലപാടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ മുസ്ലിം ലീഗ് നേതൃത്വം നടപടിയെടുത്തത്. എന്നാല്‍ ജലീല്‍ ക്ഷമാപണം നടത്തുകയാണെങ്കില്‍ സസ്പെന്‍ഷന്‍ റദ്ദാക്കാമെന്ന് മുസ്ലിം ലീഗ് നേതൃത്വം നേരത്തെ സൂചിപ്പിച്ചിരുന്നു.
ഇതനുസരിച്ച് ജലീല്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കണ്ടിരുന്നു. എന്നാല്‍ തന്റെ പ്രസ്താവനകള്‍ പിന്‍വലിക്കാന്‍ ജലീല്‍ തയ്യാറായില്ല. മാത്രവുമല്ല ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കുഞ്ഞാലിക്കുട്ടി മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കണമെന്ന് മുനീര്‍ പ്രസ്താവിച്ചതും അദ്ദേഹത്തോട് മൃദുനയം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുന്നതിന് ലീഗ് നേതൃത്വത്തെ പ്രേരിപ്പിച്ചുവെന്നാണ് അറിയുന്നത്.
തനിക്കെതിരായ നടപടി ലീഗ് പിന്‍വലിക്കില്ലെന്ന് തീര്‍ച്ചയായതോടെ പാര്‍ട്ടി നേതൃത്വത്തിനെതിരെ തിരിയാനുള്ള നീക്കത്തിലാണ് ജലീല്‍ എന്നാണ് അറിയുന്നത്. കുഞ്ഞാലിക്കുട്ടിപ്രശ്നത്തില്‍ എല്‍ഡിഎഫിന്റെ നീക്കങ്ങളില്‍ സഹകരിക്കാന്‍ ജലീല്‍ തീരുമാനിച്ചുവെന്നാണ് അറിയുന്നത്.












Click it and Unblock the Notifications