വ്യാജ പാസ്പോര്‍ട്ട് കണ്ണ് നോക്കി തിരിച്ചറിയാന്‍ സംവിധാനം വരുന്നു
കൊച്ചി: പാസ്പോര്‍ട്ട് ഉടമസ്ഥരെ തിരിച്ചറിയാന്‍ വിമാനത്താവളങ്ങളില്‍ ഐറിസ് റെക്കിഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ആലോചിയ്ക്കുന്നു.
വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ച് കേരളത്തില്‍ എത്തുന്നവരുടെയും ഇവിടെനിന്ന് പോകുന്നവരുടെയും എണ്ണം കൂടുന്നതിനാലാണ് ഇത്തരം ഒരു ആലോചന ശക്തമായിരിയ്ക്കുന്നത്.
യാത്രികരുടെ കണ്ണിന്റെ ഐറിസിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചു സൂക്ഷിയ്ക്കുന്നതാണ് ഈ സംവിധാനം. പാസ്പോര്‍ട്ട് ഉടമ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ അയാളുടെ ഐറിസും ഇതേ പാസ്പോര്‍ട്ട് ഉടമയുടേതായി വിവര ശേഖരത്തിലുള്ള ഐറിസിന്റെ വിവരങ്ങളും ഒത്തു നോക്കും. ഇതുരണ്ടും ഒന്നാണെങ്കില്‍ മാത്രമേ യാത്രക്കാരനെ കടത്തിവിടുകയുള്ളു. ഇതോടൊപ്പം വിരലടയാളം, പ്രൊഫൈലിങ്ങ് എന്നിവ കര്‍ശനവും സൂക്ഷ്മവുമാക്കാനും ഉദ്ദേശിയ്ക്കുന്നുണ്ട്.
കഴിഞ്ഞ മൂന്നുമാസത്തിനിടെ സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ 300 പേര്‍ വ്യാജപാസ്പോര്‍ട്ടില്‍ കടല്‍ കടന്നെത്തിയതായാണ് സൂചന. ഇതില്‍ 62 പേര്‍ ഇതേവരെ പിടിയിലായി.
വ്യാജപാസ്പോര്‍ട്ടുമായി എത്തിയ 24 പേരെ കഴിഞ്ഞ മൂന്നുമാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടിയിട്ടുണ്ട്. രണ്ടുപേരെ പുറത്തേക്കു പോകുമ്പോഴും പിടിച്ചു. തിരുവനന്തപുരം വിമാനത്താവളം - 26, നെടുമ്പാശ്ശേരി - 12 എന്നിങ്ങനെയാണ് ഇതേ കാലയളവില്‍ പിടിയിലായ മറ്റുള്ളവുടെ എണ്ണം. മുംബൈ വിമാനത്താവളത്തില്‍ പിടിയിലായവരിലും മലയാളികളുണ്ട്.
ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കാസര്‍കോട് സംഘമാണ് വ്യാജപാസ്പോര്‍ട്ടില്‍ കേരളത്തിലേക്ക് ആളുകളെ കടത്തുന്നത്. ദുബായില്‍ സംഘം അറിയപ്പെടുന്നതുതന്നെ കാസര്‍കോട് എംബസി എന്ന പേരിലാണ്.
ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കൂടുതലായി വ്യാജപാസ്പോര്‍ട്ടുമായി എത്തുന്നത്. സ്പോണ്‍സര്‍മാരുടെ കയ്യിലായ പാസ്പോര്‍ട്ടുകള്‍ പിന്നീട് തിരിച്ചുകിട്ടാത്തവര്‍, പാസ്പോര്‍ട്ട് കൈമോശം വന്നവര്‍ എന്നിവരാണ് വ്യാജപാസ്പോര്‍ട്ടുമായി കേരളത്തിലെത്തുന്നത് എന്ന് അധികൃതര്‍ പറയുന്നു.
ഇത്തരക്കാരെ ഏജന്റുമാര്‍ മുഖേന കണ്ടെത്തി 20,000 മുതല്‍ 30,000 രൂപവരെ വാങ്ങിയാണ് വ്യാജപാസ്പോര്‍ട്ട് ലോബി ഇവര്‍ക്ക് പാസ്പോര്‍ട്ട് നല്‍കുന്നത്.
പാസ്പോര്‍ട്ടിലെ ഫോട്ടോ അടങ്ങിയ ജാക്കറ്റ് പേജിലാണ് ഇവര്‍ കൃത്രിമം നടത്തുന്നത്. കേസുകളില്‍പ്പെട്ട് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍, കള്ളക്കടത്തുകാര്‍ എന്നിവരും വ്യാജപാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് കേരളത്തിലേക്ക് എത്തുന്നതായി സൂചനയുണ്ട്.
സംസ്ഥാനത്ത് കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ഏറ്റവുംകൂടുതല്‍ വ്യാജപാസ്പോര്‍ട്ടുകള്‍ കണ്ടെത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാകുന്നവരില്‍ കൂടുതല്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് പ്രദേശങ്ങളിലുള്ളവരാണ്.












Click it and Unblock the Notifications