കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകാദശി ദര്‍ശനം സായൂജ്യമായി

  • By Staff
Google Oneindia Malayalam News

ഗുരുവായൂര്‍: ഏകാദശി പുണ്യം തേടി പതിനായിരങ്ങള്‍ കൃഷ്ണസന്നിധിയിലെത്തി. ഉദയാസ്തമയ പൂജയോടെ ആരംഭിച്ച ഏകാദശി ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് ദിവാകരന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു.

ഏകാദശി ദിവസമായ നവംബര്‍ 22 തിങ്കളാഴ്ച രാവിലെ ഏഴുമണിക്ക് അഞ്ചാനകള്‍ അണിനിരന്ന കാഴ്ചശീവേലിയില്‍ ഗുരുവായൂര്‍ പദ്മനാഭന്‍ ഭഗവാന്റെ സ്വര്‍ണതിടമ്പേററി. പെരുവനം കുട്ടന്‍മാരാരുടെ പഞ്ചാരിമേളം ചടങ്ങിന് കൊഴുപ്പേകി.

രാവിലെ ഒന്‍പതു മണിയോടെയാരംഭിച്ച പ്രസാദൂട്ടിനും ഭക്തജനത്തിരക്കനുഭവപ്പെട്ടു.ഗോതമ്പുചോറ്, രസകാളന്‍, പുഴുക്ക്, മോര്, പായസം എന്നിവയടങ്ങിയ ഏകാദശി ഊണിന് 15,000ളം പേര്‍ എത്തിയതായി കണക്കാക്കുന്നു.

രാത്രി പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന രഥഘോഷയാത്ര ഗുരുവായൂരമ്പലത്തിലെത്തി ഒന്‍പതുമണിയോടെ തിരിച്ചുപോകും.രാത്രി ഒന്‍പതിന് ഗുരുവായൂര പദ്മനാഭന്‍ തിടമ്പേറ്റുന്ന ഏകാദശിയെഴുന്നള്ളിപ്പിന് നാദസ്വരം, ഇടയ്ക്ക, മേളം എന്നിവ അകമ്പടിയാകും.

പുലര്‍ച്ചയോളം നീളുന്ന എഴുന്നള്ളിപ്പിന് ശേഷം ദ്വാദശി പണം വച്ചു നമസ്കരിക്കുന്നതോടെ ഏകാദശി ചടങ്ങുകളവസാനിക്കും.പുലര്‍ച്ചെ കുളിച്ചീറനായെത്തുന്ന ഭക്തര്‍ ശുകപുരം, പെരുവനം, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്നുള്ള തന്ത്രികളുടെ മുന്നിലാണ് ദ്വാദശി പണം വയ്ക്കുക.

20 ദിവസമായി ക്ഷേത്രത്തില്‍ തുടര്‍ന്നുവരുന്ന ചെമ്പൈ സംഗീതോത്സവം ഏകാദശിദിവസം സമാപിക്കും . ഇരയിമ്മന്‍ തമ്പിയുടെ കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ എന്ന കീര്‍ത്തനത്തോടെ സംഗീതസാന്ദ്രമായ ദിനങ്ങള്‍ക്കു സമാപ്തിയാകും. പഞ്ചരത്നകീര്‍ത്തനാലാപനത്തോടെ സാധാരണയായി സംഗീതകച്ചേരികള്‍ സമാപിക്കുമെങ്കിലും ഗുരുവായൂരില്‍ മാത്രമാണ് ഇതിനുശേഷവും കച്ചേരി നടക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X