ഐസ്ക്രീം കേസ്: മാധവന്‍നമ്പ്യാരെ ഒഴിവാക്കിയേക്കും
തിരുവനന്തപുരം: ഐസ്ക്രീം കേസില്‍ നിന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന് പി. വി. മാധവന്‍നമ്പ്യാരെ ഒഴിവാക്കുന്നതിനായി നീക്കം നടക്കുന്നുവെന്ന് അറിയുന്നു.
കേസ് ഡയറി സമയത്ത് എത്തിച്ചുതരാന്‍ അഡ്വക്കറ്റ് ജനറല്‍ തയ്യാറാവാതിരുന്നതു കൊണ്ടാണ് കേസില്‍ ഹൈക്കോടതിയില്‍ അവധി ചോദിക്കേണ്ടിവന്നതെന്ന മാധവന് നമ്പ്യാരുടെ പ്രസ്താവന സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. ഇതിനെതിരെ അഡ്വക്കറ്റ് ജനറല്‍ രത്നസിംഗ് പ്രതികരിച്ചതോടെ പുതിയൊരു വിവാദത്തിന് ചൂടുപിടിച്ചു.
മാധവന് നമ്പ്യാരുടെ നിലപാട് സര്‍ക്കാര്‍ കേസ് നടത്തിപ്പില്‍ അലംഭാവം കാണിക്കുന്നുവെന്ന പ്രതീതിയാണ് ജനിപ്പിച്ചത്. ഈ സാഹചര്യത്തില്‍ പുതിയ വിവാദത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗൗരവത്തോടെയാണ് കാണുന്നത്.
മാധവന് നമ്പ്യാരെ കേസില്‍ നിന്ന് ഒഴിവാക്കാനാണ് നീക്കം നടക്കുന്നതെന്നാണ് അറിയുന്നത്. അതേ സമയം മാധവന് നമ്പ്യാരെ നീക്കിയാല്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി സര്‍ക്കാര്‍ നിലപാടെടുക്കുന്നുവെന്ന തോന്നല്‍ കൂടുതല്‍ ശക്തമാക്കാനേ ഉപകരിക്കൂ.
നവംബര്‍ 21 ഞായറാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിയമമന്ത്രി കെ. എം. മാണിയും അഡ്വക്കറ്റ് ജനറല്‍ രത്നസിംഗും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് മാധവന് നമ്പ്യാര്‍ മാണിയുമായി ചര്‍ച്ച നടത്തി.
ഇക്കാര്യത്തില്‍ നവംബര്‍ 24 ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാവും. സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്ന വിഷയമായതിനാലാണ് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്നത്.












Click it and Unblock the Notifications