കെ. ടി. ജലീലിന്റെ സസ്പെന്ഷന് റദ്ദാക്കി
മലപ്പുറം: യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ കെ. ടി. ജലീലിന്റെ സസ്പെന്ഷന് മുസ്ലിം ലീഗ് റദ്ദാക്കി. മറ്റ് രണ്ട് നേതാക്കളുടെ കൂടി സസ്പെന്ഷന് റദ്ദാക്കിയിട്ടുണ്ട്.
ജലീലിനെ കൂടാതെ കൊടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ടി. എ. റഹിം, തൃശൂര്‍ ചേലക്കര മണ്ഡലം പ്രസിഡന്റ് കെ. എസ്. ഹംസ എന്നിവരെയാണ് ലീഗില്‍ തിരിച്ചെടുത്തത്.
സപ്തംബര്‍ 26നാണ് ജലീലിനെ മുസ്ലിം ലീഗില്‍ നിന്നും സസ്പെന്റ് ചെയ്തത്. എക്സ്പ്രസ് ഹൈവേ, കരിമണല്‍ ഖനനം എന്നീ പ്രശ്നങ്ങളില്‍ ജലീലെടുത്ത നിലപാടായിരുന്നു സസ്പെന്ഷന് കാരണമായത്.
ജലീലിന്റെ സസ്പെന്ഷന് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. ജലീലിന്റെ സസ്പെന്ഷന് പിന്‍വലിക്കാന്‍ നീക്കമുണ്ടെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ലീഗ് നേതൃത്വം ഈ നീക്കത്തില്‍ നിന്ന് പിന്നോക്കം പോവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് സസ്പെന്ഷന് റദ്ദാക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് തങ്ങള്‍ അറിയിച്ചത്.
ലീഗ് നേതൃത്വത്തിനെതിരെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രചാരണ പരിപാടികള്‍ സസ്പെന്ഷന് റദ്ദാക്കിയ സാഹചര്യത്തില്‍ ഉപേക്ഷിക്കുകയാണെന്നും എക്സ്പ്രസ് ഹൈവേ, കരിമണല്‍ ഖനനം എന്നീ കാര്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയിരിക്കുകയാണെന്നും ജലീല്‍ പറഞ്ഞു.