യുഡിഎഫ് ഐസ്ക്രീം കേസ് ചര്‍ച്ച ചെയ്തു
തിരുവനന്തപുരം: നവംബര്‍ 24 ബുധനാഴ്ച ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തില്‍ ഐസ്ക്രീം പാര്‍ലര്‍ കേസ് ചര്‍ച്ച ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ല.
കേരള കോണ്‍ഗ്രസ് ജേക്കബ്, സിഎംപി, ജെഎസ്, ജെഎസ്സ്, ആര്‍എസ്പി (ബി) എന്നീ ഘടകകക്ഷികള്‍ ഐസ് ക്രീം കേസ് യുഡിഎഫിന്റെയും സര്‍ക്കാരിന്റെയും പ്രതിഛായയെ ബാധിച്ചതായി അഭിപ്രായപ്പെട്ടു.
നേരത്തെ അറിയിച്ചതു പോലെ കെ. മുരളീധരന് യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ലീഗ് മന്ത്രിമാരായ എം. കെ. മുനീര്‍, ഇ. ടി. മുഹമ്മദ് ബഷീര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തില്ല.
കേസ് സംബന്ധിച്ച് കോടതിയില്‍ നിന്ന് എന്തെങ്കിലും പരാമര്‍ശമുണ്ടായാല്‍ അതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് യോഗത്തിന് ശേഷം യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന് വാര്‍ത്താലേഖകരോട് പറഞ്ഞു. മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്നാണോ യുഡിഎഫ് തീരുമാനമെന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
നേരത്തെ തങ്കച്ചന്റെ നിര്‍ദേശ പ്രകാരമാണ് യോഗത്തില്‍ ഐസ്ക്രീം കേസ് ചര്‍ച്ച ചെയ്തത്. കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേ സമയം പിന്നീട് സംസാരിച്ച ടി. എം. ജേക്കബ്, കെ. ആര്. അരവിന്ദാക്ഷന്, എ. എന്‍. രാജന്‍ബാബു, കെ. ജി. കുട്ടന്നായര്, എ. വി. താമരാക്ഷന്‍ എന്നിവര്‍ കേസ് സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.