ജയേന്ദ്ര കുറ്റം സമ്മതിച്ചെന്ന് പൊലീസ്
ചെന്നൈ: ശങ്കരരാമന്‍ കൊലക്കേസുമായി തനിക്കു ബന്ധമുണ്ടെന്ന് കാഞ്ചി മഠാധിപതി കുമ്പസരിച്ചുവെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു.
മാത്രമല്ല സ്വാമിയുമായി അടുപ്പമുണ്ടെന്നു പറയപ്പെടുന്ന ഉഷയെന്ന് പേരുള്ള ഒരു സ്ത്രീയും കൊലപാതകത്തില്‍ പങ്കാളിയാണെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി. ഇത് കാണിച്ച് പ്രോസിക്യൂഷന്‍ സ്വാമിയുടെ ജാമ്യഹര്‍ജിക്കെതിരെ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ ശങ്കരരാമന്‍ വധക്കേസ് പുതിയ വഴിത്തിരിവിലാണ്.
പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് സ്വാമിയുടെ ജാമ്യാപേക്ഷയിലുള്ള വാദം നവംബര്‍ 30 ചൊവ്വാഴ്ചയിലേക്കു മാറ്റിവച്ചു.
തമിഴ്നാട് സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ കെ.ടി.എസ് തുളസിയാണ് ചോദ്യം ചെയ്യുന്ന വേളയില്‍ കൊലക്കേസില്‍ തനിക്കു പങ്കുണ്ടെന്നു സ്വാമി തുറന്നുസമ്മതിച്ചതായി കോടതിയെ അറിയിച്ചത്. ഇതു വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ഇതിനിടെ തിരുച്ചിയിലെ ശ്രീരംഗത്തുള്ള ഉഷയെന്ന സ്ത്രീക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന പ്രോസിക്യൂഷന്‍ വെളിപ്പെടുത്തല്‍ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ഇവരുമായി സ്വാമി ഫോണില്‍ സംസാരിക്കാറുണ്ടെന്നും ബാങ്കു വഴി പണം നല്‍കാറുണ്ടെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍. സ്വാമി വാങ്ങിക്കൊടുത്തിരിക്കുന്ന സ്ഥലത്താണ് ഇവര്‍ താമസിക്കുന്നതത്രെ. ഇവരുടെ പേരിലുള്ള പണവുമായി ഇപ്പോളവര്‍ അപ്രത്യക്ഷയായിരിക്കുകയാണെന്നാണ് പൊലീസ് ഭാഷ്യം. ജയേന്ദ്ര സരസ്വതിയുടെ ദുഷ് ചെയ്തികളെ തുറന്ന് കാട്ടുമെന്ന് ശങ്കരരാമന്‍ പറഞ്ഞിരുന്നെന്നും അതാണ് സ്വാമിയ്ക്ക് അയാളോട് വിരോധം ഉണ്ടായതെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു.
ഈ സ്ത്രീയെക്കുറിച്ച് സ്വാമിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതുകൊണ്ട് അദ്ദേഹത്തിനു ജാമ്യമനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.












Click it and Unblock the Notifications