ഉമ തിരിച്ചുവരുന്നതില്‍ നേതാക്കള്‍ക്ക് അതൃപ്തി
ദില്ലി: മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിയെ ബിജെപിയില്‍ തിരിച്ചെടുക്കുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളില്‍ നിന്നും എതിര്‍പ്പുയര്‍ന്നു.
ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനിയെ ഈ നേതാക്കളെല്ലാം തങ്ങളുടെ അതൃപ്തി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ഹിന്ദി പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ച ഉമാഭാരതിയുടെ കത്താണ് നേതാക്കളെ പ്രകോപിപ്പിച്ചത്. ഈ കത്തില്‍ ചില ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതേ സമയം ഈ കത്ത് തന്റേതല്ലെന്നാണ് ഉമാഭാരതി പറയുന്നത്.
താന്‍ നേതൃത്വത്തെ വിമര്‍ശിച്ചതില്‍ മാപ്പ് അപേക്ഷിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉമാഭാരതി അദ്വാനിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ രണ്ടാം നിര നേതാക്കളെയെല്ലാം വിമര്‍ശിച്ചുകൊണ്ട് ഉമാഭാരതിയുടേതെന്ന പേരില്‍ പ്രസിദ്ധീകൃതമായ കത്തിലെ പരാമാര്‍ശങ്ങള്‍ കടുത്ത അച്ചടക്ക ലംഘനമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.പ്രമോദ് മഹാജന്, അരുണ്‍ ജെറ്റ്ലി, സുഷമ സ്വരാജ്, വെങ്കയ്യ നായിഡു, മുക്താര്‍ അബ്ബാസ് നഖ്വി, ശിവരാജ്സിംഗ് ചൗഹാന്, കല്യാണ്‍സിംഗ് തുടങ്ങിയ നേതാക്കളെ കടുത്ത ഭാഷയിലാണ് കത്തില്‍ വിമര്‍ശിക്കുന്നത്.
വ്യാജകത്ത് പ്രസിദ്ധീകരിച്ചതിന് നിയമനടപടി സ്വീകരിക്കുമെന്ന് ഉമാഭാരതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.