ഉമ്മന്‍ചാണ്ടി തെന്നലയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടി പ്രശ്നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളുടെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുമായും നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണനുമായും കൂടിക്കാഴ്ച നടത്തി.
കുഞ്ഞാലിക്കുട്ടി പ്രശ്നം പരിഹരിക്കുന്നതിനായി വിവിധ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തണമെന്ന ഹൈക്കമാന്റിന്റെ നിര്‍ദേശ പ്രകാരമാണ് ഉമ്മന്‍ചാണ്ടി സ്പീക്കറുമായും കെപിസിസി പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തിയത്.
നവംബര്‍ മൂന്ന് വെള്ളിയാഴ്ച സ്പീക്കറുടെ വീട്ടിലെത്തിയാണ് ഉമ്മന്‍ചാണ്ടി തേറമ്പിലുമായി ചര്‍ച്ച നടത്തിയത്. നിയമസഭ പിരിയേണ്ടിവന്ന സാഹചര്യവും ചര്‍ച്ചാവിഷയമായി.
തുടര്‍ന്ന് ഇന്ദിരാഭവനിലെത്തിയ ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുമായി അരമണിക്കൂറോളം ചര്‍ച്ച നടത്തി.
പ്രശ്നത്തില്‍ ഹൈക്കമാന്റ് ഇടപെടുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ മുസ്ലിം ലീഗിന്റെ മുഖം രക്ഷിക്കുന്ന വിധത്തില്‍ പ്രശ്നം പരിഹരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ ഒരു തീരുമാനമുണ്ടാവുമെന്നാണ് സൂചന.












Click it and Unblock the Notifications