യു.ഡി.എഫ് കനത്ത വില നല്‍കേണ്ടി വരും: സുധീരന്‍
കോഴിക്കോട്: ജനവികാരം മാനിക്കാത്ത കോണ്‍ഗ്രസ് നടപടിയില്‍ തനിക്ക് ദു:ഖമുണ്ടെന്ന് വി.എം സുധീരന്‍. ജനകീയപ്രശ്നങ്ങള്‍ പോലും ചര്‍ച്ച ചെയ്യാതെ നിയമസഭ അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചതില്‍ യു.ഡി.എഫിന് കനത്ത വില നല്‍കേണ്ടി വരുമെന്നും മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടി പ്രശ്നം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ അതിന് പ്രത്യേകസമയം നോക്കേണ്ട ആവശ്യമില്ലായിരുന്നു. ഈ പ്രശ്നത്തിന്റെ പേരില്‍ യു.ഡി.എഫിന് ജനപിന്തുണ നഷ്ടപ്പെട്ടിരിക്കുകയാണ്. സത്യം കോടതിയില്‍ നിന്നും സമൂഹത്തില്‍ നിന്നും മറച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ആരോപണവിധേയനായ മന്ത്രിയെ മാറ്റിനിര്‍ത്തുന്നതിനോ സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തുന്നതിനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ല.ഇതുകൊണ്ടുതന്നെ കുഞ്ഞാലിക്കുട്ടിക്കെതിരായ ജനരോഷം യു.ഡി.എഫിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
പ്രശ്നം സമുദായവല്‍ക്കരിക്കാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ മുസ്ലീംസമൂഹം കുഞ്ഞാലിക്കുട്ടിക്കു പിന്തുണ നല്‍കില്ല. ഒരു വ്യക്തിയെ സംരക്ഷിക്കുവാന്‍ നിയമം തന്നെ അട്ടിമറിക്കുന്ന നയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications