ജൈവസാങ്കേതികവിദ്യ: സര്‍ക്കാരിന് അലംഭാവം
കൊച്ചി: അടിസ്ഥാനപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ കേരളത്തില്‍ ജൈവസാങ്കേതികവിദ്യാ വ്യവസായത്തിനുള്ള സാധ്യതകള്‍ അടഞ്ഞിരിക്കുകയാണെന്ന് പരിസ്ഥിതിവാദിയായ എം. കെ. പ്രസാദ് പറഞ്ഞു.
സ്കൂള്‍, പ്രാദേശിക തലങ്ങളില്‍ ജൈവവൈവിധ്യ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് 2002ലെ ജൈവവൈവിധ്യ നിയമം നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വേണ്ട നടപടികളൊന്നുമെടുത്തിട്ടില്ല. ജൈവസാങ്കേതികവിദ്യാ വ്യവസായം വിപുലമായ രീതിയില്‍ വേരുറപ്പിക്കണമെങ്കില്‍ സംസ്ഥാനത്തിന് ജൈവവൈവിധ്യത്തിന്റെ പൂര്‍ണമായ പട്ടികയുണ്ടായിരിക്കണം.
ജൈവവൈവിധ്യ പരിപാലന സമിതികള്‍ പഞ്ചായത്ത് തലങ്ങളില്‍ രൂപീകരിക്കണമെന്നും നിയമത്തില്‍ പറയുന്നുണ്ട്. ഇതിനായും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല.
മുഖ്യമന്ത്രിയുടെ കീഴിലുള്ള സംസ്ഥാന ശാസ്ത്ര സാങ്കേതികവിദ്യാ പരിസ്ഥിതി കൗണ്‍സില്‍ ചെയ്യേണ്ട പല പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. കൗണ്‍സിലിന്റെ കീഴിലുള്ള ഗവേഷണ, വികസന സ്ഥാപനങ്ങള്‍ വേണ്ടവിധം ഉപയോഗിക്കപ്പെടുന്നില്ല.
പഞ്ചായത്തുകള്‍ ജൈവവൈവിധ്യ രജിസ്ററുകള്‍ തയ്യാറാക്കുന്നതിന് സംസ്ഥാന സര്‍ക്കാരും കൗണ്‍സിലും മുന്‍കൈയെടുക്കേണ്ടതായിരുന്നു. പഞ്ചായത്തുകള്‍ അത്തരം രജിസ്ററുകള്‍ തയ്യാറാക്കി തങ്ങളുടെ പ്രകൃതിവിഭവങ്ങള്‍ തങ്ങളുടെ സ്വത്തുകളാണെന്ന പ്രമേയം കൗണ്‍സില്‍ യോഗങ്ങളില്‍ പാസാക്കിയിട്ടുണ്ടെങ്കില്‍ അത്തരം പ്രകൃതിവിഭവങ്ങളില്‍ മറ്റാര്‍ക്കും പേറ്റന്റെടുക്കാനാവില്ല.
ജൈവവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും ജൈവസാങ്കേതികവിദ്യാ വ്യവസായത്തില്‍ വളര്‍ച്ച കൈവരിക്കുന്നതിനും ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് പ്രസാദ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications