എണ്ണ കണ്ടെത്തിയില്ല; കുഴിക്കല്‍ നിര്‍ത്തി
കൊച്ചി: എണ്ണ കണ്ടെത്തുന്നതിനായി എണ്ണ-പ്രകൃതിവാത കോര്‍പ്പറേഷന്‍ രണ്ട് മാസമായി കൊച്ചിയില്‍ കടലില്‍ നടത്തിവരുന്ന കുഴിക്കല്‍ നിര്‍ത്തി. എണ്ണ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കുഴിക്കല്‍ നിര്‍ത്തിയത്.
കുഴിക്കാനായി ഉപയോഗിച്ചിരുന്ന ബെല്‍ഫോഡ് ഡോള്‍ഫിന്‍ റിഗ് ഗുജറാത്ത് തീരത്തേക്ക് നീങ്ങി. 3800 മീറ്ററോളം കുഴിച്ചിട്ടും എണ്ണ കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് എണ്ണ-പ്രകൃതിവാത കോര്‍പ്പറേഷന്‍ ദൗത്യം ഉപേക്ഷിച്ചത്.
പ്രാഥമിക റിപ്പോര്‍ട്ടുകളും മറ്റ് പഠനങ്ങളും അനുകൂലമായ സൂചന നല്‍കിയതിനാലാണ് കൊച്ചിയില്‍ രണ്ട് മാസമായി കുഴിക്കല്‍ നടത്തിയതെന്നും എന്നാല്‍ എണ്ണ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച കുഴിക്കല്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കോര്‍പ്പറേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
കേരള-കൊങ്കണ്‍ തീരത്ത് കൂടുതല്‍ കിണറുകള്‍ ഉടന്‍ കുഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. അതേ സമയം പഠനങ്ങള്‍ നടന്നുവരികയാണെന്നും ഈ മേഖലയിലെ മറ്റേതെങ്കിലും പ്രദേശത്ത് വീണ്ടും കുഴിച്ചുനോക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അവര്‍ പറഞ്ഞു.
പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തായുള്ള സ്ഥലത്ത് എണ്ണ കണ്ടെത്തുന്നതിനായി കുഴിക്കല്‍ നടത്തുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇതിന് പ്രതിരോധ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് കോര്‍പ്പറേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.












Click it and Unblock the Notifications