കോളക്കമ്പനികള്‍ക്കെതിരെ സുപ്രീം കോടതി വിധി
ദില്ലി: ശീതളപാനീയങ്ങളിലെ കീടനാശിനികളുടെ അളവുസംബന്ധമായ കേസില്‍ കോളക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി വിധി.
കീടനാശിനികളുടെ അളവ് ശീതളപാനീയക്കുപ്പികളുടെ പുറത്ത് രേഖപ്പെടുത്താനുള്ള രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിനെതിരെ പെപ്സി, കൊക്കക്കോള കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
പെപ്സിയും കൊക്കകോളയും നിര്‍മിക്കുന്ന ശീതളപാനീയങ്ങളുടെ കുപ്പികള്‍ക്കു പുറത്ത് ഇതില്‍ അടങ്ങിയിട്ടുള്ള വസ്തുക്കളുടെ വിവരവും കീടനാശിനി അടങ്ങിയിട്ടുള്ളതിനെപ്പറ്റിയുള്ള മുന്നറിയിപ്പും രേഖപ്പെടുത്തണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഹൈക്കോടതി ഉത്തരവിനെതിരെ രണ്ടു കോളക്കമ്പനികളും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തങ്ങളുടെ ഉത്പന്നങ്ങളിലെ കീടനാശിനികളുടെ അളവ് കൃത്യമായി നിര്‍ണയിക്കുന്നത് അസാധ്യമാണെന്ന് ബോധിപ്പിക്കുകയുണ്ടായി.
താന്‍ ഉപയോഗിക്കുന്നത് എന്തെന്നറിയുവാന്‍ ഉപഭോക്താവിന് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി ് ചീഫ് ജസ്റിസ് ആര്‍.സി. ലഹോട്ടി, ജസ്റിസുമാരായ ഡി.എം. ധര്‍മാധികാരി, ജി.പി. മാഥുര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.
ഹൈക്കോടതിനിര്‍ദേശം എത്രത്തോളം നടപ്പാക്കാനാവുമെന്ന് വ്യക്തമാക്കി അനുമതിക്കായി ഹര്‍ജിക്കാരായ പെപ്സി ഫുഡ്സ് ലിമിറ്റഡിനും ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിനും ഹൈക്കോടതിയെ വീണ്ടും സമീപിക്കാവുന്നതാണെന്ന് സുപ്രീം കോടതി പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന് കോളക്കമ്പനികള്‍ക്ക് സുപ്രീം കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.
മുതിര്‍ന്ന അഭിഭാഷകരായ അരുണ്‍ ജയ്റ്റ്ലിയും ഹരീഷ് സാല്‍വെയുമാണ് കോളക്കമ്പനികള്‍ക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.
പാനീയങ്ങളിലടങ്ങിയിട്ടുള്ള കീടനാശിനികള്‍ എത്രത്തോളമെന്നു രേഖപ്പെടുത്താതെ പെപ്സിക്കും കൊക്കകോളയ്ക്കും ഇനി കോള ഉത്പാദനം തുടരാനാവില്ല.












Click it and Unblock the Notifications