കാഞ്ചി: അനുരാധ സത്യവാങ്മൂലം നല്‍കി
ചെന്നൈ: കാഞ്ചിമഠാധിപതി ജയേന്ദ്ര സരസ്വതി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് തമിഴ് എഴുത്തുകാരി അനുരാധ രമണന്‍ ഡിസംബര്‍ ഏഴ് തിങ്കളാഴ്ച കോടതിയിലെത്തി സത്യവാങ്ങ്മൂലം നല്‍കി. കാഞ്ചീപുരത്തിനടുത്തുള്ള ഉത്തിരമേരൂര്‍ കോടതിയില്‍ വനിതാപോലീസ് ഇന്‍സ്പെക്ടര്‍ സരസ്വതിക്കൊപ്പം എത്തിയ അനുരാധ മജിസ്ട്രേറ്റ് രാമജയം മുമ്പാകെയാണ് മൊഴി നല്‍കിയത്.
1992ലി മഠം വകയായി ആദ്ധ്യാത്മിക മാസിക തുടങ്ങാന്‍ പോകുന്നുവെന്നു പറഞ്ഞ് തന്നെ സ്വാമികള്‍ ക്ഷണിക്കുകയായിരുന്നുവെന്ന് അനുരാധ പറയുന്നു. സ്വാമികളുടെ ക്ഷണം ദൈവനിയോഗംപോലെയാണ് തോന്നിയതെന്നും തന്നെ കൂട്ടിക്കൊണ്ടു ചെല്ലാന്‍ ഒരു സ്ത്രീയെ ചുമതലപ്പെടുത്തിയിരുന്നുവെന്നും അവര്‍ പറഞ്ഞു.
മാസികയുടെ ഉള്ളടക്കത്തെപ്പറ്റി സ്വാമികള്‍ ആദ്യംകണ്ടപ്പോള്‍ത്തന്നെ സംസാരിച്ചു. അമ്മ എന്നായിരിക്കണമെന്നും മാസികയുടെ പേരെന്നും നിര്‍ദ്ദേശിച്ചു. ആദ്യത്തെ നാല് കൂടിക്കാഴ്ചകളിലും മാസിക സംബന്ധമായ കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ചചെയ്തത്. അഞ്ചാമത്തെ പ്രാവശ്യം സ്വാമി ഇക്കാര്യങ്ങളില്‍ നിന്നു വ്യതിചലിച്ച്, എന്നെ കൂട്ടിക്കൊണ്ടുവന്ന സ്ത്രീയോട് അശ്ലീലം പറയുന്നത് കേട്ടു. ഞാനതു ശ്രദ്ധിക്കാതെ തലതാഴ്ത്തി ഇരുന്നു. എന്നാല്‍ കുറച്ചുകഴിഞ്ഞ് എന്നോടും ആവിധം പെരുമാറാന്‍ തുടങ്ങിയപ്പോള്‍ ചാടിയെഴുന്നേറ്റ് നിങ്ങളൊരു മനുഷ്യനാണോ എന്ന് ഉറക്കെ ചോദിച്ചു. ഇവളോട് കാര്യങ്ങളെല്ലാം നേരത്തെ പറഞ്ഞിരുന്നില്ലേ എന്നാണ് അപ്പോള്‍ സ്വാമി മറ്റേ സ്ത്രീയോടു ചോദിച്ചത്. പറഞ്ഞില്ലെന്ന് അവര്‍ അറിയിച്ചപ്പേള്‍ ചീത്ത പറഞ്ഞുകൊണ്ട് സ്വാമികള്‍ അവളെ തള്ളിമാറ്റി. ഞാന്‍ മുറിക്കുപുറത്തേക്ക് കടക്കാന്‍ തുടങ്ങിയപ്പോള്‍ ആ സ്ത്രീ എഴുന്നേറ്റു വന്ന് ബലമായി എന്നെ തടഞ്ഞു. അപ്പോള്‍ സ്വാമി പറഞ്ഞു: നീ സഹകരിക്കുകയാണെങ്കില്‍ എല്ലാ സഹായവും ചെയ്തുതരാം. ഇത് എന്റെ സ്ഥലമാണ്. നീ ഭര്‍ത്താവില്ലാത്ത സ്ത്രീയാണ്. നീ എന്നിട്ടും കുങ്കുമമണിഞ്ഞ് നല്ല വസ്ത്രം ധരിച്ചു നടക്കുന്നു. അപ്പോള്‍ ഞാന്‍ നിന്നെ ആഗ്രഹിച്ചാല്‍ എന്താണ് കുഴപ്പം? ഈ സംഭവം പുറത്തുപറയാനാണ് ഭാവമെങ്കില്‍ ഞാന്‍ നിന്നെപ്പറ്റിയും കഥകള്‍ പരത്തും. കൂടുതല്‍ കേള്‍ക്കാന്‍ നില്ക്കാതെ ഞാന്‍ പുറത്തുകടന്ന് വീട്ടിലേക്ക് മടങ്ങി.
അടുത്തദിവസം, മഠത്തില്‍ കണ്ട സ്ത്രീയും അവരുടെ ഭര്‍ത്താവും വീട്ടില്‍വന്ന് ആക്ഷേപിക്കാനും മര്‍ദ്ദിക്കാനും ശ്രമിച്ചതായും ഇക്കാര്യം സുഹൃത്തായ വനിതാപോലീസ് ഓഫീസറെ അറിയിച്ചപ്പോള്‍ പരാതി എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും, ഹിന്ദുമതത്തിന് നാണക്കേടാകുമെന്നു കരുതി ചെയ്തില്ലെന്നും അനുരാധയുടെ മൊഴിയില്‍ പറയുന്നു. ഒരു കാലു തളര്‍ന്നതിനെത്തുടര്‍ന്ന് കുറെനാള്‍ ചികിത്സയിലായിരുന്നെന്നും ഇതിനിടയിലും സ്വാമികളുമായി ഒത്തുതീര്‍പ്പാക്കണമെന്നും അല്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു ഭീഷണി ഉണ്ടായിരുന്നെന്നും അവര്‍ കോടതിയെ അറിയിച്ചു. കാഞ്ചിമഠത്തില്‍ നടന്ന കാര്യങ്ങളെപ്പറ്റി ഒരു മാസികയില്‍ അവര്‍ തുറന്നെഴുതാന്‍ ശ്രമിച്ചെങ്കിലും ചില ലക്കങ്ങള്‍ പുറത്തുവന്നപ്പോഴേയ്ക്കും മഠത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി പ്രസിദ്ധീകരണം നിര്‍ത്തിയെന്നും അവര്‍ നല്കിയ മൊഴിയില്‍ പറയുന്നു.












Click it and Unblock the Notifications