മെട്രോ റെയില്‍: മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി
കൊച്ചി: കൊച്ചിയില്‍ മെട്രോ റെയില്‍ സ്ഥാപിക്കുന്നതിനായുള്ള വിശദമായ റിപ്പോര്‍ട്ട് ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
കൊച്ചിയിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനുള്ള ഏകമാര്‍ഗം മെട്രോ റെയില്‍ ശൃംഖലയാണെന്ന് ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഇ. ശ്രീധരന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍ നഗരത്തിലെ മലിനീകരണം കുറയ്ക്കാനും സാധിക്കും.
കളമശേരിയില്‍ നിന്ന് ആരംഭിക്കുന്ന നിര്‍ദിഷ്ട മെട്രോ ലൈനിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ശ്രീധരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയത്. കളമേശരിയില്‍ നിന്ന് തുടങ്ങുന്ന മെട്രോ റെയില്‍ ദേശീയപാത, കലൂര്‍, നോര്‍ത്ത് സ്റേഷന്‍ റെയില്‍വെ ലൈന്‍ എന്നിവയിലൂടെ കടന്നുപോവും. ബാനര്‍ജി റോഡ്, ജോസ് ജംഗ്ഷന്‍, എറണാകുളം ജംഗ്ഷന്‍ എന്നിവിടങ്ങളിലൂടെ മുന്നോട്ടുപോവുന്ന റെയില്‍ ലൈന്‍ എസ്. എ. റോഡില്‍ വൈറ്റില വരെയുണ്ടാവും. ഇവിടെ നിന്ന് തൃപ്പൂണിത്തുറ വരെയാണ് മെട്രോ റെയില്‍.
മൊത്തം ട്രാക്കിന്റെ നീളം 23 കിലോമീറ്ററാണ്. മെട്രോ റെയില്‍ റൂട്ടില്‍ 20 സ്റേഷനുകള്‍ (മെട്രോ സ്റോപ്പുകള്‍) ഉണ്ടാകും. റെയില്‍ ലൈന്‍ വേണമെങ്കില്‍ ആലുവ വരെ നീട്ടാം. ആലുവ വരെ നീട്ടുകയാണെങ്കില്‍ ഏഴ് കിലോമീറ്റര്‍ കൂടി ഉണ്ടാവും; ഏഴ് സ്റേഷനുകളും.
റോഡില്‍ നിന്നും എട്ട് മീറ്റര്‍ മുകളിലായി തൂണുകളില്‍ കെട്ടിപ്പൊക്കിയ റെയില്‍ പാതയായിരിക്കും ഇത്. രണ്ട് ട്രാക്കുകളുണ്ടാകും. സ്റെയിന്‍ലെസ് സ്റീല്‍ കൊണ്ട് നിര്‍മിച്ച, ഭാരം കുറഞ്ഞ, പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത കോച്ചുകളായിരിക്കും ഇവയിലൂടെ സര്‍വീസ് നടത്തുന്നത്. മെട്രോയുടെ പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്ററാണ്. അത്യാധുനിക സിഗ്നലിംഗ് സിസ്റമായിരിക്കും മെട്രോ റെയിലിന് ഏര്‍പ്പെടുത്തുന്നത്. സാധാരണ രീതിയില്‍ ടിക്കറ്റ് നല്‍കുന്നതിന് പുറമെ ഓട്ടോമാറ്റിക് ആയി റെയില്‍ നിരക്ക് ഈടാക്കുന്ന സംവിധാനവുമുണ്ടാകും.
2000 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയാണെങ്കില്‍ 2010 ആവുമ്പോഴേക്കും പദ്ധതിയുടെ പണി പൂര്‍ത്തിയാക്കാനാവുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പദ്ധതിക്കുള്ള തുക കണ്ടെത്തുന്നതിന് രണ്ട് രീതികളാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്. ദില്ലി മെട്രോ പദ്ധതിയിലേതു പോലെ 33 ശതമാനം ചെലവ് തുല്യമായി കേന്ദ്രവും സംസ്ഥാന സര്‍ക്കാരും വഹിക്കുക, ബാക്കി തുക വായ്പയായി കണ്ടെത്തുക എന്നതാണ് ഒരു നിര്‍ദേശം. 30 വര്‍ഷത്തേക്ക് ബിഒടി അടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തിയാക്കുക എന്നതാണ് രണ്ടാമത്തെ നിര്‍ദേശം.












Click it and Unblock the Notifications