കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കരുത്: വി.എസ്
തിരുവനന്തപുരം: ആരോപണവിധേയനായ മന്ത്രി കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ത്തണമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഡിസംബര്‍ ഏഴ് ചൊവ്വാഴ്ച നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അച്യുതാനന്ദന്‍.
ഐസ്ക്രീം കേസില്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വീഴ്ചയുണ്ടാിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്ന് അച്യുതാനന്ദന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി തെളിവുകള്‍ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേസിലെ മുഖ്യസാക്ഷിയായ റജീനയെ ഭ്രാന്തിയായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയും കൂട്ടരുമാണ് പീഡനം നടത്തുന്നത്. പൂഴ്ത്തിവച്ച രേഖകള്‍ പുറത്തുകൊണ്ടുവന്നാല്‍ മാത്രമേ കോടതിക്ക് സത്യം ബോധ്യമാവൂ.
കേസില്‍ കോടതി വിധി വരുന്നതു വരെ കാത്തിരിക്കണമെന്ന നിലപാട് ശരിയല്ല. സര്‍ക്കാര്‍ നല്‍കുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ കോടതി വിധി പറയേണ്ടത്. സിബി മാത്യുവിനെ പോലെ പ്രഗത്ഭനായ ഉദ്യോഗസ്ഥനെ കൊണ്ട് കേസന്വേഷണം നടത്തിക്കണം- അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
രാവിലെ 10 മണിക്ക് തുടങ്ങിയ ഉപവാസം വൈകീട്ട് അഞ്ച് മണിക്ക് സമാപിക്കും.












Click it and Unblock the Notifications