കുഞ്ഞാലിക്കുട്ടി: കെപിസിസി യോഗം ചേരും
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടി പ്രശ്നം യുഡിഎഫിനെ വിവാദത്തിലാക്കിയിരിക്കെ അടുത്തായാഴ്ച ചേരുന്ന കെപിസിസി നിര്‍വാഹക സമിതിയോഗം നിര്‍ണായകമാകും. യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ രാജിക്കാര്യമായിരിക്കും മുഖ്യവിഷയമെന്ന് ഏറെക്കുറെ ഉറപ്പാണ്. യോഗത്തിനു മുന്‍പു തന്നെ ഒരു തീരുമാനമുണ്ടാക്കാത്ത പക്ഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വിമര്‍ശനം നേരിടേണ്ടിവരും.
കോണ്‍ഗ്രസിലെ ഭൂരിഭാഗം അംഗങ്ങളും പ്രശ്നോപാധിയെന്ന നിലയില്‍ കുഞ്ഞാലിക്കുട്ടിയുടെ രാജിയാണ് ആവശ്യപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ യോഗം ചേര്‍ന്നാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവരുമെന്ന ഭീതിമൂലമാണ് നേരത്തെ ചേരേണ്ടിയിരുന്ന നിര്‍വാഹകസമിതിയോഗം ഇത്രത്തോളം വൈകിച്ചത്.
യോഗം വിളിക്കാന്‍ വി. എം. സുധീരനടക്കമുള്ളവര്‍ ആവശ്യമുന്നയിച്ചു തുടങ്ങിയിട്ട് ഏറെ നാളായി. ഇനിയും വൈകിച്ചാല്‍ പാര്‍ട്ടിയംഗങ്ങളില്‍ നിന്നുപോലും വിമര്ശനമുണ്ടാകുമെന്നുള്ളതുകൊണ്ടാണ് കെപിസിസി അദ്ധ്യക്ഷന്‍ യോഗം വിളിച്ചുചേര്‍ക്കാന്‍ നിബന്ധിതനായത്.