മാധ്യമങ്ങളെ തടയേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: ഐസ്ക്രീം കേസിലെ സര്‍ക്കാരിന്റെ നിക്ഷിപ്ത താത്പര്യങ്ങള്‍ ഒരിക്കല്‍ കൂടി ഹൈക്കോടതിയില്‍ മറനീക്കി പുറത്തുവന്നു. ഐസ്ക്രീം കേസിലെ കോടതി നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയണമെന്ന് സ്റേറ്റ് അറ്റോണി പി. സി. ഐപ്പ് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി.
ഐസ്ക്രീം കേസ് മറ്റൊരു ന്യായാധിപന്റെ പരിഗണയിലേക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കേസിലെ അഞ്ചാം പ്രതി അബ്ദുള്‍ഖാദര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഈ വിഷയം ഉന്നയിക്കപ്പെട്ടത്.
പ്രതികളിലൊരാളുടെ അഭിഭാഷകനായ സി. സി. തോമസാണ് കേസിലെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ തടയണമെന്ന ആവശ്യം ആദ്യമുന്നയിച്ചത്. ഇത് പി. സി. ഐപ്പ് ഏറ്റുപിടിച്ചു. മാധ്യമങ്ങളില്‍ വരുന്നത് തലതിരിഞ്ഞ വാര്‍ത്തകളാണെന്നും അത് തടയണമെന്നും സ്റേറ്റ് അറ്റോണി ആവശ്യപ്പെട്ടു.
അത്തരം കീഴ്വഴക്കം മുമ്പുണ്ടായിട്ടുണ്ടോ എന്ന് ഹൈക്കോടതി ആരാഞ്ഞു. പ്രതിഭാഗത്തെ അഭിഭാഷകന്‍ തന്നെ സ്റേറ്റ് അറ്റോണിയുടെ ഈ വാദത്തെ എതിര്‍ത്തു. മാധ്യമങ്ങളിലെ വാര്‍ത്തകള്‍ ജനങ്ങളറിയേണ്ടതാണെന്ന് പ്രതിഭാഗം അഭിഭാഷകനായ അഡ്വ. കെ. രാംകുമാര്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ വെളിവാക്കുന്ന രീതിയില്‍ മുമ്പും സ്റേറ്റ് അറ്റോണി ഈ കേസില്‍ കോടതിയില്‍ പ്രസ്താവന നടത്തിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയെ കേസില്‍ നിന്ന് സുപ്രിം കോടതി ഒഴിവാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതിയില്‍ നേരത്തെ സ്റേറ്റ് അറ്റോണി പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ കേസില്‍ ആരെയും സുപ്രിം കോടതി ഒഴിവാക്കിയിട്ടില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടതോടെ സര്‍ക്കാരിന് ക്ഷീണമായി.












Click it and Unblock the Notifications