റൗഫിനെ അറസ്റു ചെയ്യണം: അച്യുതാനന്ദന്‍
തിരുവനന്തപുരം: റജീനയുടെ മൊഴിമാറ്റത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു അബ്ദുള്‍ റൗഫിനുള്ള പങ്ക് തെളിഞ്ഞ സാഹചര്യത്തില്‍ അയാളെ അറസ്റു ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
റജീന കുഞ്ഞാലിക്കുട്ടിയെ അറിയില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നത് വക്കീല്‍ മൊബൈല്‍ ഫോണിലൂടെ റൗഫിനെ കേള്‍പ്പിച്ചതിലൂടെ ഇക്കാര്യത്തില്‍ റൗഫിന്റെ പങ്ക് വ്യക്തമാണ്. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കനുകൂലമായ നിലപാടു സ്വീകരിക്കാന്‍ റൗഫടക്കമുള്ളവര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്ന റജീനയുടെ നേരത്തെയുള്ള വെളിപ്പെടുത്തല്‍ സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.
റൗഫിനെതിരെ കേസ് രജിസ്റര്‍ ചെയ്യാന്‍ കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവുണ്ടെങ്കിലും ഇതുവരെ കോഴിക്കോട് പൊലീസ് ഇതനുസരിച്ചിട്ടില്ല. നടക്കാവ് പൊലീസ് കേസന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ അന്വേഷണത്തില്‍ പുരോഗതിയൊന്നുമുണ്ടായിട്ടില്ല.
ഇന്ത്യന്‍ ശിക്ഷാനിയമം 201-ാം വകുപ്പുപ്രകാരം മൂന്നുവര്‍ഷം വരെ കഠിനതടവു ലഭിക്കാവുന്ന കുറ്റമാണ് റൗഫ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് എത്രയും വേഗം ഇയാളെ അറസ്റ് ചെയ്ത് കോടതിക്കു മുമ്പില്‍ ഹാജരാക്കേണ്ടതാണ്.
ഓണ്‍ലൈന്‍ ലോട്ടറികേസില്‍ റൗഫിനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് താന്‍ മുന്‍മുഖ്യമന്ത്രി എ.കെ ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും കത്തുകളയച്ചിരുന്നതായി അച്യുതാനന്ദന്‍ വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ താന്‍ കുഞ്ഞാലിക്കുട്ടിക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മാധ്യമങ്ങളോട് റൗഫ് വെളിപ്പെടുത്തിയതുമാണ്. എന്നിട്ടും ഇക്കാര്യത്തെക്കുറിച്ച് അന്വേഷണമുണ്ടായില്ല.
കേസില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായാണ് ബന്ധപ്പെട്ടവര്‍ കേസ് നടപടികള്‍ നടക്കുമ്പോള്‍ത്തന്നെ റജീനയെ ബാംഗ്ലൂരിലേക്കയച്ചിരിക്കുന്നത്. കിളിരൂര്‍-കവിയൂര്‍ കേസുകളില്‍ സംഭവിച്ചതു പോലെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി റജീനയെ ഇല്ലാതാക്കാനും പ്രതികള്‍ ശ്രമിക്കും.
നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് കുഞ്ഞാലിക്കുട്ടിയെ കേസില്‍ നിന്നു രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications