കെ.പി.സി.സി യോഗം ഡിസം. 22ന്
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടി പ്രശ്നം സര്‍ക്കാരിനു മുന്നില്‍ കീറാമുട്ടിയായി തുടരുമ്പോള്‍ കെ.പി.സി.സി നിര്‍വാഹകസമിതി ഡിസംബര്‍ 22ന് സമ്മേളിക്കുന്നു. പ്രശ്നം സംസ്ഥാനസമിതി പരിഹരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശവും കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ അനുകൂലമായ തീരുമാനമെടുക്കാന്‍ ലീഗ് തയ്യാറാവാത്തതും കുഞ്ഞാലിക്കുട്ടിയുടെ രാജിക്കു വേണ്ടി ഇടതുപക്ഷമടക്കമുള്ള വിവിധ സംഘടനകള്‍ പ്രതിഷേധവുമായി മുന്നോട്ടു പോകുന്നതുമായ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ യോഗത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട്.
രാവിലെ 11ന് കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനില്‍ ചേരുന്ന യോഗത്തില്‍ കോണ്‍ഗ്രസിലെ പ്രമുഖരായ നേതാക്കന്മാരെല്ലാവരും പങ്കെടുക്കുമെന്നാണ് അറിയുന്നത്. പ്രശ്നം ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കണമെന്ന് ചിലര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കിലും കുഞ്ഞാലിക്കുട്ടി പ്രശ്നം കോണ്‍ഗ്രസിന്റെ പ്രതിഛായയെ തന്നെ ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രശ്നപരിഹാരം കണ്ടെത്താന്‍ കെപിസിസി യോഗം നിര്‍ബന്ധിതമായേക്കും.
കെപിസിസി യോഗം വിളിച്ചുചേര്‍ക്കണമെന്ന് വി.എം സുധീരനും കെ.മുരളീധരനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യമുന്നയിച്ചു തുടങ്ങിയിട്ട് ഏറെയായെങ്കിലും കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ എന്തെങ്കിലും തീര്‍പ്പുണ്ടായ ശേഷമാകാമെന്നു കരുതിയാണ് യോഗം ചേരുന്നത് ഇത്രയും കാലം നീട്ടിവച്ചത്. എന്നാല്‍ തീരുമാനം ഇനിയും നീട്ടിവയ്ക്കുന്നത് അണികള്‍ക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ടാക്കുമെന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.
ഉമ്മന്‍ചാണ്ടി രാജി വയ്ക്കണമെന്ന് ടി.എം ജേക്കബ്ബ് പരസ്യമായി ആവശ്യപ്പെട്ട സാഹചര്യത്തില്‍ ജേക്കബ്ബ്, പിള്ള ഗ്രൂപ്പുകളോട് സ്വീകരിക്കേണ്ട നയവും യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും.












Click it and Unblock the Notifications